കേന്ദ്ര കാബിനറ്റില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഒരാള്‍ മാത്രം; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വക്താവ് മീം അഫ്‌സല്‍

Update: 2021-07-08 06:33 GMT

ന്യൂഡല്‍ഹി: ബുധനാഴ്ച നടന്ന കേന്ദ്ര കാബിനറ്റ് പുനസ്സംഘടനയില്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ ്‌ലിംകളില്‍ നിന്ന് പുതുതായി ഒരാള്‍ക്കുപോലും ഇടം കണ്ടെത്താനായില്ല. നേരത്തെ മുതല്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി മാത്രമാണ് ഇപ്പോഴും അവശേഷിക്കുന്ന ഏക മുസ് ലിം മുഖം. ബിജെപിയില്‍ നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മീം അഫ്‌സര്‍ പറഞ്ഞു.

ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലെത്തിയ സഫര്‍ ഇസ് ലാം മന്ത്രി സഭയില്‍ ഇടം കണ്ടെത്തിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. എം ജെ അക്ബര്‍ രാജിവച്ചതോടെ ഒരാള്‍ കൂടെ മുസ് ലിം വിഭാഗത്തില്‍നിന്നുണ്ടായേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 

മുസ് ലിം സംഘടനകളും കോണ്‍ഗ്രസ് നേതാവിനോട് സമാനമായ അഭിപ്രായമാണ് പറഞ്ഞത്. മുസ് ലിംകള്‍ ബിജെപിയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മുസ് ലിം മജ് ലിസ് ഇ മുഷാവറ പ്രസിഡന്റ് നവൈദ് ഹാമിദ് പറഞ്ഞു.

''ബിജെപിയുടെ ഭാഗത്തുനിന്ന് മുസ് ലിംകള്‍ എത്രമാത്രം വിവേചനമാണ് നേരിടുന്നത് അത്രത്തോളം ബിജെപി തുറന്നുകാട്ടപ്പെടുകയാണ്. മുസ് ലിംകള്‍ രാജ്യത്തെ ഏറ്റവും പ്രാന്തവല്‍കൃതരും വിവേചനം നേരിടുന്നവരുമായ വിഭാഗമാണ്. അവരില്‍ ചിലര്‍ക്ക് മന്ത്രിസഭയില്‍ ഇടം കൊടുത്താലും അവരില്‍ നിന്ന് സമുദായം കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags: