'അമിത് ഷായുടെ മകനാണെങ്കില്‍ മാത്രമേ സ്വപ്നങ്ങള്‍ കാണാന്‍ കഴിയൂ'; ജയ് ഷാക്കെതിരേ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ജയ് ഷാക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭഗല്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ പ്രസ്താവന നടത്തിയത്. നവംബര്‍ 11നു ഭഗല്‍പൂരില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാഹുലിന്റെ പരാമര്‍ശം.
''നിങ്ങള്‍ അദാനിയുടേയോ അംബാനിയുടേയോ അമിത് ഷായുടേയോ മകനാണെങ്കില്‍ മാത്രമേ വലിയ സ്വപ്നങ്ങള്‍ കാണാന്‍ അവകാശമുള്ളൂ. എങ്ങനെ ബാറ്റ് പിടിക്കണമെന്നറിയാത്ത ജയ് ഷായാണ് ഇന്ന് ഐസിസി നയിക്കുന്നത്. അയാള്‍ ക്രിക്കറ്റിലെ എല്ലാം നിയന്ത്രിക്കുന്നു. എന്തുകൊണ്ടാണ് അയാള്‍ എല്ലാം നിയന്ത്രിക്കുന്നത്? അതിന് പണം എന്നതാണ് ഉത്തരം,'' എന്നായിരുന്നു രാഹുലിന്റെ ആരോപണം. കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളുടെ ഭൂമികള്‍ അദാനി, അംബാനി പോലുള്ള വ്യവസായികള്‍ക്ക് സമ്മാനമായി നല്‍കുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ജയ് ഷാ 2009ല്‍ അഹമ്മദാബാദിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ക്രിക്കറ്റിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ക്രിക്കറ്റ് ഭരണരംഗത്തേക്ക് കടന്നത്. 2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ (ജിസിഎ) ജോയിന്റ് സെക്രട്ടറിയായും 2015ല്‍ ബിസിസിഐയുടെ ധനകാര്യ, മാര്‍ക്കറ്റിംഗ് കമ്മിറ്റികളില്‍ അംഗമായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ബിസിസിഐ സെക്രട്ടറിയായും 2021ല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2024 ഡിസംബറില്‍ ഐസിസി ചെയര്‍മാനായാണ് ജയ് ഷാ ചുമതലയേറ്റത്.