ഡയറക്ടര്‍ ബോര്‍ഡില്‍ വിദഗ്ധര്‍ മാത്രം; കെഎസ്ആര്‍ടിസിയില്‍ പ്രൊഫ. സുശീല്‍ ഖന്ന റിപോര്‍ട്ട് നടപ്പാക്കുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് വിദഗ്ദ്ധരെ മാത്രം ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ദ്ധരെ മാത്രം ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ. സുശീല്‍ ഖന്ന റിപോര്‍ട്ടില്‍, മേഖലയില്‍ വൈദഗ്ദ്ധ്യമുള്ളവരെ മാത്രം ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെടെ പതിനഞ്ച് അംഗങ്ങളുള്ള ബോര്‍ഡാണ് നിലവിലുണ്ടായിരുന്നത്. ഡയറക്ടര്‍ ബോര്‍ഡ് രുപീകരണം സംബന്ധിച്ച് നിലവിലുള്ള കെഎസ്ആര്‍ടിസി നിയമാവലി പ്രകാരം ഏഴ് ഔദ്യോഗിക അംഗങ്ങളെയും രണ്ട് അനൗദ്യോഗിക അംഗങ്ങളെയും മാത്രം ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോഗിക അംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഏഴ് വിദഗ്ദ്ധ അംഗങ്ങള്‍ മാത്രമുള്ള ഡയറക്ടര്‍ ബോര്‍ഡായി പുനഃസംഘടിപ്പിച്ചത്. രണ്ട് അനൗദ്യോഗിക അംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും.
സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസി എം.ഡി, ധനകാര്യ വകുപ്പ് സെക്രട്ടറി, ഗതാഗത വകുപ്പ് സെക്രട്ടറി, ഗതാഗത കമ്മിഷണര്‍, നാറ്റ്പാക് ഡയറക്ടര്‍ എന്നിവരും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഗതാഗത ഹൈവേ മന്ത്രാലയം, റെയില്‍വേ ബോര്‍ഡ് എന്നിവയുടെ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡ്.
