വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം അടിസ്ഥാനത്തില്‍

Update: 2022-11-12 01:29 GMT

തിരുവനന്തപുരം: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം അടിസ്ഥാനത്തില്‍ നിലവില്‍ വന്നു. ലേണേഴ്‌സ് ലൈസന്‍സ് പുതുക്കല്‍, ക്ലാസ് സറണ്ടര്‍, ഡ്രൈവിങ് ലൈസന്‍സിലെ പേരും ജനനത്തിയ്യതിയും തിരുത്തല്‍, ഫോട്ടോയുടെയും ഒപ്പിന്റെയും ബയോമെട്രിക് മാറ്റം, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കലും അഡ്രസ് മാറ്റവും തുടങ്ങിയ 7 സേവനങ്ങള്‍ കൂടി സാരഥി പോര്‍ട്ടറിലൂടെ ഓണ്‍ലൈനായി ചെയ്യാം.

മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗതാഗത കമ്മീഷണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ആവശ്യമായ സോഫ്റ്റ്‌വെയര്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തനസജ്ജമായത്. ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഓഫിസിലെത്താതെ തന്നെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ സേവനങ്ങള്‍ ലഭ്യമാവും.

ഇതോടെ നേരിട്ട് ഹാജരാവേണ്ട ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന തുടങ്ങിയവ ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാവുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ലഭ്യമാവുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: