വാഹന വില്‍പ്പനയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങള്‍ സജീവം: പണം തട്ടാന്‍ 'സൈനിക ഓഫിസര്‍ പദവി' യും

ടെസ്റ്റ് ഡ്രൈവിന് വാഹനം എത്തിക്കാമെന്നും ഇതിനായ അഡ്വാന്‍സ് നല്‍കണമെന്നും പിന്നീട് ആവശ്യപ്പെട്ടു

Update: 2021-02-18 06:34 GMT

കോഴിക്കോട്: പ്രമുഖ ഓണ്‍ലൈന്‍ വാഹന വില്‍പ്പന വെബ്‌സൈറ്റിലൂടെ തട്ടിപ്പു സംഘങ്ങള്‍ സജീവമാകുന്നു. ആകര്‍ഷകമായ വിലയില്‍ വാഹനങ്ങളുടെ പരസ്യം നല്‍കി ഇരകളെ ആകര്‍ഷിച്ചാണ് തട്ടിപ്പുമായി സംഘം എത്തുന്നത്. സൈനിക ഓഫീസറാണ് എന്ന വ്യാജ വിലാസത്തിലാണ് തട്ടിപ്പു സംഘം പ്രവര്‍ത്തിക്കുന്നത്. വാഹനം ടെസ്റ്റ് ഡ്രൈവിന് എത്തിക്കാനുള്ള ചിലവ് എന്നുപറഞ്ഞ് മുന്‍കൂറായി പണം വാങ്ങിയ ശേഷം കബളിപ്പിക്കുകയാണ് ചെയ്യുന്നത്.


2012 മോഡല്‍ ടാറ്റാ സഫാരി കാര്‍ 160000 രൂപക്ക് എന്ന് ദിവസങ്ങള്‍ക്കു മുന്‍പ് വാഹന വില്‍പ്പന സൈറ്റായ ഒഎല്‍എക്‌സില്‍ പരസ്യം വന്നിരുന്നു. പരസ്യത്തില്‍ ബന്ധപ്പെടാന്‍ 7027612722 എന്ന നമ്പറും നല്‍കിയിരുന്നു. ഇതു പ്രകാരം ബന്ധപ്പെട്ടയാളോട് കൊച്ചിയില്‍ ജോലി ചെയ്യുന്ന സൈനിക ഓഫിസറാണ് എന്നാണ് വാഹന ഉടമസ്ഥന്‍ എന്നു പരിചയപ്പെടുത്തിയ ആള്‍ പറഞ്ഞത്. വാട്‌സാപ്പില്‍ ഇംഗ്ലീഷ് , ഹിന്ദി ഭാഷകളില്‍ മാത്രമാണ് വിവരങ്ങള്‍ നല്‍കിയിരുന്നത്. ടെസ്റ്റ് ഡ്രൈവിന് വാഹനം എത്തിക്കാമെന്നും ഇതിനായ അഡ്വാന്‍സ് നല്‍കണമെന്നും പിന്നീട് ആവശ്യപ്പെട്ടു. വാഹനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പണം മടക്കി നല്‍കാം എന്നും വാഗ്ദാനം ചെയ്തു. പരസ്യത്തില്‍ വാഹനത്തിന്റെ പലവിധ ഫോട്ടോകള്‍ നല്‍കിയിരുന്നെങ്കിലും മിക്കതിലും നമ്പര്‍ മറച്ചിരുന്നു. എന്നാല്‍ ഒരു ഫോട്ടോയില്‍ മാത്രം നമ്പര്‍ മറക്കാന്‍ തട്ടിപ്പുസംഘം മറന്നു. ഈ നമ്പര്‍ വെച്ചു നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം ജില്ലയിലെ തിരൂരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ഫോട്ടോ ആണ് തട്ടിപ്പുസംഘം ഉപയോഗിച്ചത് എന്ന് വ്യക്തമായത്. ഇതോടെ തട്ടിപ്പ് വെളിപ്പെടുകയായിരുന്നു. ബന്ധപ്പെടാന്‍ നല്‍കിയ 7027612722 എന്ന വാട്‌സാപ്പ് നമ്പറിന്റെ പ്രൊഫൈല്‍ ഫോട്ടോ ആയി നല്‍കിയത് സൈനികരുടെ ഫോട്ടോ ആണ്.


42000 രൂപക്ക് 2009 മോഡല്‍ ഹ്യണ്ടായി സാന്‍ട്രോ കാര്‍ വില്‍പ്പനക്ക് എന്ന മറ്റൊരു പരസ്യവും തട്ടിപ്പു സംഘം നല്‍കിയിരുന്നു. ഇതില്‍ കാണിച്ചത് 98462 00563 എന്ന നമ്പറായിരുന്നു. ഇതില്‍ ബന്ധപ്പെട്ടയാളോടും സൈനിക ഓഫിസറുടെ വാഹനമാണ് എന്ന മറുപടിയാണ് നല്‍കിയത്. ഹൈദരാബാദിലാണ് വാഹനമെന്നും ഇത് ടെസ്റ്റ് ഡ്രൈവിന് അയക്കാമെന്നും അതിനുള്ള പണം മുന്‍കൂറായി വേണമെന്നും ആയിരുന്നു ആവശ്യം. തട്ടിപ്പ് സംബന്ധിച്ച സംശയം ഉന്നയിക്കുയും പോലിസില്‍ പാരതി നല്‍കുമെന്ന് പറയുകയും ചെയ്തതോടെ വാട്‌സ്ആപ്പില്‍ അയച്ച വാഹനത്തിന്റെ ഫോട്ടോകളും മറ്റു വിവരങ്ങളും ഡിലീറ്റ് ചെയ്ത് വ്യാജ വില്‍പ്പനക്കാരന്‍ മുങ്ങി. ഇത്തരത്തിലുള്ള വേറെയും പരസ്യങ്ങള്‍ വെബ്‌സൈറ്റില്‍ പ്രചരിക്കുന്നുണ്ട്.


തങ്ങളുടെ വെബ്‌സൈറ്റ് തട്ടിപ്പു സംഘങ്ങള്‍ കെണിയൊരുക്കാന്‍ സാധ്യതയുണ്ടെന്നും ഇത്തരം പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ഒഎല്‍എക്‌സ് സൈറ്റ് അധികൃതര്‍ സ്ഥിരമായി മുന്നറിയിപ്പ് നല്‍കാറുണ്ട്. സംശയം തോന്നുന്ന പരസ്യങ്ങളെ കുറിച്ച് അറിയിക്കാനും വെബ്‌സൈറ്റില്‍ സംവിധാനമുണ്ട്.




Tags:    

Similar News