ഓണ്‍ലൈന്‍ റമ്മി: വിരാട് കോലിക്കും അജു വര്‍ഗീസിനും തമന്നയ്ക്കും കേരള ഹൈക്കോടതി നോട്ടിസ് അയച്ചു

Update: 2021-01-27 16:33 GMT

കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളിയുമായി ബന്ധപ്പെട്ട ഒരു ഹരജിയില്‍ പ്രമുഖ ക്രിക്കറ്റ് താരം വിരാട് കോലി, ചലച്ചിത്രതാരം അജു വര്‍ഗീസ്, നടി തമന്ന ഭാട്ടിയ എന്നിവര്‍ക്ക് കേരള ഹൈക്കോടതി നോട്ടിസ് അയച്ചു. മൂന്നു പേരും ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വാതുവയ്പ്പ് ഗുരുതരമായ സാമൂഹിക തിന്മയാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമാണെന്നും നിയന്ത്രിക്കാന്‍ പ്രയാസമാണെന്നും കൊച്ചി സ്വദേശിയായ പോളി വടക്കന്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ഇത്തരം ഗെയിമുകളുടെ പരസ്യങ്ങളില്‍ സെലിബ്രിറ്റികള്‍ അഭിനയിക്കുന്നത് ഇത്തരം പ്ലാറ്റ്‌ഫോമിലേക്ക് യുവാക്കളെ കൂടുതലായി ആകര്‍ഷിക്കും. അത് യുവാക്കളെ സാമ്പത്തികമായി തകര്‍ക്കാര്‍ കാരണമാവുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

താരങ്ങള്‍ക്കു പുറമെ പ്ലെ ഗെയിം 27*7, മൊബൈല്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ റമ്മി ഗെയിം കമ്പനികള്‍ക്കും കോടതി നോട്ടിസ് അയച്ചു.

കോലി മൊബൈല്‍ ലീഗിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍ കൂടിയാണ്. തമന്നയും അജു വര്‍ഗീസും പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വാദുവയ്പ്പുകള്‍ ഗുരുതരമായ സാമൂഹികതിന്മയാണെന്ന് കോടതി നിരീക്ഷിച്ചു.

Tags:    

Similar News