വിരാട് കോഹ്‌ലിയുടെ മകള്‍ക്കെതിരേ ഓണ്‍ലൈന്‍ ബലാല്‍സംഗ ഭീഷണി; സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഓണ്‍ലൈനിലൂടെ ഭീഷണിമുഴക്കിയ ഹൈദരാബാദ് സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. ടി 20 ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ടതിന്റെ ദേഷ്യത്തിലാണ് പ്രതി രാംനാഗേഷ് ശ്രീനിവാസ് അകുബത്തിനി(23) കോഹ് ലിയുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്.
പ്രതിയെ മുംബൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചത് അറിഞ്ഞ ഉടന്‍ പ്രതി തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ അഡ്രസ് മാറ്റുകയും പാകിസ്താന്‍കാരനായി നടിക്കുകയും ചെയ്തിരുന്നു. പ്രതിയെ അന്വേഷണ സംഘം മുംബൈയിലേക്ക് കൊണ്ടുപോയി.
രാംനാഗേഷ് ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണെന്ന് പോലിസ് അറിയിച്ചു. നേരത്തെ ഒരു ഫുഡ് ഡെലിവറി ആപ്പിനുവേണ്ടിയാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
വെറും ഒമ്പത് മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെതിരേ ബലാല്‍സംഗ ഭീഷണി പുറപ്പെടുവിച്ചത് അഖിലേന്ത്യാ തലത്തില്‍ തന്നെ അപലപിക്കപ്പെട്ടിരുന്നു.
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ഒക്ടോബര്‍ 24ന് നടന്ന ടി 20 ലോകകപ്പ് മല്‍സരത്തില്‍ ഇന്ത്യ പാകിസ്താനോട് തോറ്റതിനെത്തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ കളിക്കാര്‍ക്കെതിരേ വലിയ ആക്രമണമാണ് നടന്നത്. മുഹമ്മദ് ഷമിക്കെതിരേ മതം പറഞ്ഞുകൊണ്ടുള്ള ആക്രമണം പോലും നടന്നു.
വിരാട് കോഹ്‌ലിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മുഹമ്മദ് ഷമിക്കെതിരേ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ കോഹ് ലി കടുത്ത രീതിയില്‍ മറുപടി നല്‍കി.
