ഓണ്‍ലൈന്‍ പഠനം: കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ടിവി സംഭാവന നല്‍കി മാള-പള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളി

Update: 2020-06-22 14:27 GMT

മാള: പൊയ്യ ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളിലുമുള്ള നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി ടെലിവിഷനുകള്‍ നല്‍കി. മാളപള്ളിപ്പുറം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ ടെലിവിഷന്‍ വിതരണം വികാരി ഫാ. ആന്റണി ചില്ലിട്ടശ്ശേരി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിബി ഫ്രാന്‍സിസ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹെന്‍സി ഷാജു, മറ്റ് ജനപ്രതിനിധികള്‍, കൈക്കാരന്‍മാരായ ജോസ് ചക്കാലക്കല്‍, ലോറന്‍സ് കളത്തില്‍, മോന്‍സണ്‍ കൈമാത്തുരുത്തി, കേന്ദ്ര സമിതി പ്രസിഡന്റ് ഷിന്റോ വടശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

കൊവിഡ് 19 ന്റെ ഭാഗമായി നേരത്തെ വി. അന്തോണീന്റെ സ്മരണ തിരുനാള്‍ ആഘോഷം ഒഴിവാക്കി ആ തുക ഉപയോഗിച്ച് അഞ്ചാമത്തെ കാരുണ്യ ഭവനം നിര്‍മിച്ച് നല്‍കുകയും നിര്‍ദ്ധനര്‍ക്ക് ഭക്ഷ്യവസ്തു കിറ്റുകള്‍ നല്‍കുകയും അഗതി മന്ദിരങ്ങളിലേക്കും സമൂഹ അടുക്കളയിലേക്കും ധനസഹായം നല്‍കുകയുമുണ്ടായി. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ കീഴിലുള്ള അന്റോണിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ചികില്‍സാ ധനസഹായം നല്‍കി വരുന്നു. മാള-പള്ളിപ്പുറത്ത് ആരോഗ്യ കേന്ദ്രത്തിനായി മൂന്ന് സെന്റ് സ്ഥലം സംഭാവന ചെയ്തിട്ടുമുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി കെഎസ്എസ്പിയു കുഴൂര്‍ യൂണിറ്റ് നല്‍കുന്ന ടി വി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി സേവ്യര്‍, കുഴൂര്‍ ഹൈസ്‌കൂളിലെ ആന്റണി എന്ന വിദ്യാര്‍ത്ഥിക്ക് നല്‍കി. 

Tags:    

Similar News