ഓണ്‍ ലൈന്‍ ക്ലാസ്: ഭാഷാപഠനം ആരംഭിക്കണമെന്ന് ജമാഅത്തെ ഇസ് ലാമി

Update: 2020-07-24 01:53 GMT

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കേരള വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ ഉള്‍പ്പെടുത്തണമെന്ന് ജമാഅത്തെ ഇസ് ലാമി  കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സവിശേഷമായി വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

ഒണ്‍ലൈന്‍ വഴിയുള്ള അധ്യയനം ഒരു മാസം പിന്നിട്ടിട്ടും പത്തര ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളുടെ പഠന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. സ്‌കൂള്‍ തുറക്കാന്‍ ഇനിയും മാസങ്ങള്‍ താമസമുണ്ടെന്നിരിക്കെ രണ്ടാം ഭാഷാ ക്ലാസുകള്‍ ആരംഭിക്കാതിരിക്കുന്നത് വിദ്യാര്‍ഥികളുടെ പഠന നിലവാരം പിറകോട്ടു പോകുന്നതിന് കാരണമാകും. മലയാളം ഭാഷാ ക്ലാസുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. അഞ്ചാം ക്ലാസില്‍ ഒന്നും പത്താം ക്ലാസില്‍ നാലും രണ്ടാം ഭാഷാ ക്ലാസുകളാണ് ഇതുവരെ നടന്നത്. അതേസമയം എല്‍.പി ക്ലാസുകളിലേക്കോ മറ്റ് യു.പി, ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കോ ആവശ്യമായ ഭാഷാ ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനലിലോ ഓണ്‍ ലൈനിലോ ലഭ്യമല്ലെന്നും അബ്ദുല്‍ അസീസ് ചൂണ്ടിക്കാട്ടി.

ഓണ്‍ലൈന്‍ വഴിയായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ച് ചേര്‍ത്തത്. 

Tags: