'ഒരാള്‍ക്ക് ഒരു പദവി': കമല്‍നാഥ് മധ്യപ്രദേശ് നിയമസഭ പ്രതിപക്ഷ നേതൃപദവി ഒഴിഞ്ഞു

Update: 2022-04-28 13:42 GMT

ഭോപാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് രാജിവച്ചു. ഒരാള്‍ക്ക് ഒരു പദവി എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി. അദ്ദേഹം കോണ്‍ഗ്രസ് മേധാവിയായി തുടരും. അദ്ദേഹത്തിന്റെ രാജി സോണിയാഗാന്ധി സ്വീകരിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കമല്‍നാഥ് രാജിവച്ച ഒഴിവില്‍ ഡോ. ഗോവിന്ദ് സിങ്ങിനെ ലെജിസ്‌ളേറ്റീവ് പാര്‍ട്ടി നേതാവായി നിയമിക്കും.

ഏഴ് തവണ എംഎല്‍എ ആയിട്ടുള്ള ഡോ. ഗോവിന്ദ് സിങ് ലഹര്‍ സീറ്റില്‍നിന്നാണ് നിയമസഭയിലെത്തിയത്. മുന്‍ മുഖ്യമന്ത്രി ദിഗ് വിജയസിങ്ങിന്റെ അടുപ്പക്കാരനുമാണ്.

കമല്‍നാഥ് രാജിവച്ചതല്ലെന്നും അദ്ദേഹം തന്റെ പദവി പങ്കുവച്ചതാണെന്നും ഡോ. സിങ് പറഞ്ഞു. 

കമല്‍നാഥ് യുഗം അവസാനിച്ചുവെന്നും ദിഗ് വിജയസിങ്ങിന്റെ കാലം തുടങ്ങിയെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു. ക്ഷത്രിയനായ ഒരാളെ നിയമസഭാ നേതാവായി പ്രഖ്യാപിച്ചതിനെ ബിജെപി ചോദ്യം ചെയ്തു.

എസ് സി, എസ് ടി, ഒബിസി തുടങ്ങിയവയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് വലിയ തസ്തികയില്‍ അവരെ പരിഗണിക്കുന്നില്ലെന്ന് ബിജെപി നേതാവും സംസ്ഥാന സെക്രട്ടറിയുമായ രാജേഷ് അഗര്‍വാള്‍ കുറ്റപ്പെടുത്തി. 

Tags: