പെരിന്തല്‍മണ്ണയില്‍ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒമ്പതുപേര്‍ക്ക് പരിക്ക്
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് പരിക്ക് പറ്റി. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശി താഴത്തുചോല അപ്പുട്ടി മകനും കെഎസ്ഇബി. ജീവനക്കാരനുമായ ഷാജി (44)യാണ് മരിച്ചത്.
പെരിന്തല്‍മണ്ണ പാതായ്ക്കര വളവില്‍ ചരക്ക് ലോറിയും ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കുപറ്റിയ രാമനാട്ടുകര ഇളയേടത്ത് അമീര്‍ അലി (29), പുളിക്കല്‍ ദേവാരത്തില്‍ സുനി (43), കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പേവുംപുറത്ത് ജിഷ്ണു (30), മുണ്ടുപറമ്പ് പറക്കച്ചാലി മുഹമ്മദ് ഷാഫി (31), ഫറോക്ക് കരുവാംതുരുത്തില്‍ റഫീഖ് (40), കൊണ്ടോട്ടി പൂക്കിലത്ത് സുഫിയാന്‍ (23), അങ്ങാടിപ്പുറം ഒറവുംപുറത്ത് ഹാദിയ (22), എടവണ്ണ പറപ്പന്‍ ഷബീം (22), ചെന്നൈ സ്വദേശി രമേഷ് (32) എന്നിവരെ പെരിന്തല്‍മണ്ണ ഇ.എം.സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു ദിവസത്തെ അവധിയില്‍ പുളിക്കല്‍ സെക്ഷനിലെ 17 ജീവനക്കാരടങ്ങുന്ന സംഘം പാലക്കാട് വഴി വാള്‍പാറയിലേക്ക് യാത്രപുറപ്പെട്ടതായിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ചെന്നൈയിലെ ലൈലന്റ് ചരക്ക് ലോറി ട്രാവലില്‍ വന്നിടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. മധ്യഭാഗത്തെ സീറ്റിലിരുന്ന മൂന്നു പേരില്‍ ഒരാളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ പിന്‍ഭാഗത്തെ രണ്ടു ചക്രങ്ങള്‍ തെറിച്ച് വാഹനം റോഡിലേക്ക് മറിയുകയും ചെയ്തു.
പെരിന്തല്‍മണ്ണ പാതായ്ക്കര വളവില്‍ മുന്‍പും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് .
