പെരിന്തല്‍ മണ്ണയില്‍ നിന്നും എത്തിച്ച കുരുന്നിന്റെ ചികില്‍സയുടെ ആദ്യഘട്ടം വിജയമെന്ന് ഡോക്ടര്‍മാര്‍; 48 മണിക്കൂര്‍ നിര്‍ണായകം
രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞുവന്നതിനെ തുടര്‍ന്ന് കുട്ടിയെ ഇന്ന് വൈകുന്നേരം അടിയന്തരമായി ചികില്‍സയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്റ്റെന്റ് മുഖേന വികസിപ്പിക്കുകയായിരുന്നു
കൊച്ചി: പെരിന്തല്‍ മണ്ണയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലെത്തിച്ച ഒരു ദിവസം മാത്രം പ്രായമുള്ള കുരുന്നിന്റെ ചികില്‍സയുടെ ആദ്യഘട്ട ചികില്‍സ വിജയകരമായി പൂര്‍ത്തീകരിച്ചതായി ഡോക്ടര്‍മാര്‍ എന്നാല്‍ തുടര്‍ന്നുള്ള 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.കുട്ടികളുടെ ഹൃദ്‌രോഗ വിഭാഗം മേധാവി ഡോ. എഡ്‌വിന്‍ ഫ്രാന്‍സിസ്, കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. തോമസ് മാത്യു, ഡോ. ബിജേഷ് വി., ഡോ. ജെസന്‍ ഹെന്റി എന്നിവരുടെ നേതൃത്വത്തിലാണ് ചികില്‍സ പുരോഗമിക്കുന്നത്.
ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് കുഞ്ഞ് എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് ആരോഗ്യസ്ഥിതിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി അവിടെവച്ചാണ് കുട്ടിയുടെ ഹൃദ്‌രോഗം കണ്ടുപിടിച്ചത്. വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ ഡിഫക്ട് വിത്ത് പള്‍മണറി അട്രീഷ്യ എന്ന ഗുരുതരമായ അസുഖമുണ്ടെന്നാണ് വിശദമായ പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഹൃദയത്തിന്റെ താഴത്തെ അറകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയില്‍ വലിയ ദ്വാരം ഉണ്ടായിരുന്നു. കൂടാതെ ഹൃദയത്തിന്റെ വലത്തെ അറയില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന വാല്‍വും രക്തക്കുഴലും കുട്ടിക്ക് ഇല്ലായിരുന്നു. ഈ അവസ്ഥയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുവാന്‍ ഡോക്ടര്‍മാര്‍ ആലോചിക്കുകയും തുടര്‍ന്ന് വിവിധ ആശുപത്രികളെ ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്തു. അതേസമയം തന്നെ കുട്ടിയുടെ അമ്മയുടെ സഹോദരനായ ജിയാസ് ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പേജില്‍ ഈ അവസ്ഥ വിവരിച്ച് സന്ദേശം അയയ്ക്കുകയും മന്ത്രിയെ നേരിട്ടു ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞ മന്ത്രി ഉടന്‍തന്നെ ജിയാസിനെ തിരിച്ചുവിളിക്കുകയും കുട്ടിയെ സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ എറണാകുളം ലിസി ആശുപത്രിയില്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍തന്നെ കുട്ടിയെ കൊണ്ടുപോകുവാനുളള ആംബുലന്‍സ് എടപ്പാളില്‍നിന്നും പെരിന്തല്‍മണ്ണയില്‍ എത്തുമെന്നും അറിയിക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രി 11.15ന് പെരിന്തല്‍മണ്ണയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെ ലിസി ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. അവിടെ കാത്തുനിന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കുഞ്ഞിനെ ഉടന്‍തന്നെ കുട്ടികളുടെ ഹൃദ്‌രോഗ ചികിത്സയ്ക്കായി ഒരുക്കിയിട്ടുള്ള തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞുവന്നതിനെ തുടര്‍ന്ന് കുട്ടിയെ ഇന്ന് വൈകുന്നേരം അടിയന്തരമായി ചികില്‍സയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്റ്റെന്റ് മുഖേന വികസിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ചികിത്സയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും തുടര്‍ന്നുള്ള 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
