ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: രാജ്യത്താകമാനം ഒരു വോട്ടര്‍പട്ടിക നിര്‍ദേശവുമായി പ്രധാനമന്ത്രി

Update: 2020-11-26 10:27 GMT

ന്യൂഡല്‍ഹി: രാജ്യത്താകമാനമുള്ള വിവിധ തിരഞ്ഞെടുപ്പുകള്‍ക്ക് ഒരേ വോട്ടര്‍പട്ടികയെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കെല്ലാം ഉപയോഗിക്കാവുന്ന ഒരു തിരഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ചര്‍ച്ച ചെയ്യാനുള്ള വിഷയമല്ലെന്നും നടപ്പാക്കേണ്ട വിഷയമാണെന്നും മോദി പറഞ്ഞു.

മിക്കവാറും കാലങ്ങളില്‍ പലയിടങ്ങളിലും പല തിരഞ്ഞെടുപ്പുകളും നടക്കും. വികസനപ്രവര്‍ത്തനങ്ങളില്‍ അതിന്റെ പങ്ക് എല്ലാവര്‍ക്കും അറിയാം. ഈ പ്രശ്‌നം നാം പഠിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആള്‍ ഇന്ത്യാ പ്രിസൈഡിങ് ഓഫിസേഴ്‌സ് കോണ്‍ഫ്രന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മോദി പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. വ്യത്യസ്ത വോട്ടര്‍പട്ടിക പണത്തിന്റെയും വിഭവങ്ങളുടെയും അനാവശ്യ ചെലവാണ്. അത് ഒഴിവാക്കണം. നിയമങ്ങള്‍ ലളിതമായിരിക്കണമെന്നും സാധാരണക്കാര്‍ക്ക് വ്യക്തമായി മനസ്സിലാവുന്നതായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.