'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; ബില്ല് ജെപിസിക്ക് വിടും
ബില്ല് ജെപിസിക്ക് വിടാന്‍ എതിര്‍പ്പില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി
ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാളാണ് സഭയില്‍ അവതരിപ്പിച്ചത്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിനായുള്ള ( ഭരണഘടനാ ഭേദഗതി) ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്ന ഭേദഗതി ബില്‍ എന്നിവയാണ് കേന്ദ്രമന്ത്രി സഭയില്‍ വച്ചത്.
ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ സഭയില്‍ മര്യാദ പാലിക്കണമെന്ന് സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കാര്യക്ഷമമായ മാര്‍ഗം വേണമെന്നും സ്പീക്കര്‍ പറഞ്ഞു. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ബില്ല് ജെപിസിക്ക് വിടാന്‍ എതിര്‍പ്പില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി.ജെപിസിക്കുള്ള പ്രസ്താവന ഈയാഴ്ച കൊണ്ടു വരുമെന്നാണ് വിവരം. ജെപിസി അംഗങ്ങളെ തീരുമാനിച്ച ശേഷം പ്രമേയം അവതരിപ്പിക്കും
ബില്ലിനെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും, ഫെഡറല്‍ സംവിധാനത്തിന് എതിരായ ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കുന്നതാണ് ബില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ധര്‍മ്മേന്ദ്ര യാദവ് പറഞ്ഞു. ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെ എതിര്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജിയും അറിയിച്ചു. സംസ്ഥാന നിയമസഭകളുടെ സ്വാതന്ത്ര്യം അട്ടിമറിക്കാന്‍ ബില്‍ ശ്രമിക്കുന്നതായി ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേര്‍ക്കുള്ള കടന്നാക്രമണമാണ് ബില്ലെന്ന് മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബില്ലിനെ എതിര്‍ക്കുമെന്ന് ഡിഎംകെയും പ്രഖ്യാപിച്ചിട്ടുണ്ട്.
