ഓണവിപണി: ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക നിര്‍ദേശം

Update: 2021-08-06 11:07 GMT

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

ഉപഭോക്താക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍

വിലനിലവാരത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സംശയത്തോടെ നോക്കി കാണേണ്ടതും, തിരസ്‌കരിക്കുകയും വേണം.

ചെറുപയര്‍, പരിപ്പ് തുടങ്ങിയ പരിപ്പുവര്‍ഗ്ഗങ്ങള്‍, കൃത്രിമനിറം ചേര്‍ത്ത കടും മഞ്ഞ നിറത്തിലുളള ചിപ്‌സ് എന്നിവ വാങ്ങി ഉപയോഗിക്കരുത്.

കടും മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുളള ശര്‍ക്കരയും ഒഴിവാക്കുക. സമീപകാലത്ത് ഏറ്റവും കൂടുതല്‍ മായം കണ്ടെത്തിയത് ശര്‍ക്കരയിലാണ്. എല്ലാ കൃത്രിമ നിറങ്ങളും കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഹാനികരമായി ബാധിക്കുകയും, അലര്‍ജിപോലെയുളള രോഗങ്ങള്‍ക്കും കാരണമാവാം. കൃത്രിമ നിറം ചേര്‍ത്ത ഭക്ഷണം കഴിയുന്നതും ഒഴിവാക്കണം.

റോഡ് സൈഡിലും മറ്റും വിലകുറച്ച് വില്‍ക്കുന്ന കശുവണ്ടിപരിപ്പ്, ഉണക്കമുന്തിരി മുതലായവ വാങ്ങാതിരിക്കുക. അവ നിലവാരമില്ലാത്ത താകാന്‍ സാധ്യത കൂടുതലാണ്.

പഴം, പച്ചക്കറികളില്‍ തൊലികളഞ്ഞ് ഉപയോഗിക്കാന്‍ പറ്റുന്നവ തൊലി ചെത്തിക്കളഞ്ഞതിനുശേഷം ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക. അല്ലാത്തവ അല്‍പം വിനാഗിരിയോ, ഉപ്പോ ചേര്‍ത്ത വെളളത്തില്‍ 30 മിനിറ്റെങ്കിലും മുക്കിവെച്ച് നന്നായി ശുദ്ധജലത്തില്‍ കഴുകിയതിന് ശേഷം ഉപയോഗിക്കുക. പച്ചക്കറികളുടെ പുറമെയുളള കീടനാശിനി സാന്നിദ്ധ്യം ഒരുപരിധിവരെ കളയാന്‍ ഇതുവഴി സാധിക്കും.

കേടായതോ, പഴകിയതോ, പുഴുക്കുത്തേറ്റതോ, പൂപ്പല്‍ പിടിച്ചതോ ആയ ഒരു ഭക്ഷ്യവസ്തുവും വാങ്ങി ഉപയോഗിക്കരുത്.

ഭക്ഷ്യസുരക്ഷാ ലൈസന്‍സുളള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും മാത്രമെ ഭക്ഷണസാധനങ്ങള്‍ വാങ്ങാവൂ.

പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ തീയതി, കാലാവധി മുതലായ ലേബല്‍ നിബന്ധനകള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ.

വ്യാപാരികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ 

ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും ഉപഭോക്താക്കള്‍ കാണുന്ന വിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.

നിലവാരമില്ലാത്ത ഒരു ഭക്ഷ്യവസ്തുക്കളും വില്‍പ്പനക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യരുത്.

പായ്ക്കുചെയ്ത ഭക്ഷണസാധനങ്ങള്‍ നിയമാനുസൃതമായ ലേബല്‍ വ്യവസ്ഥകളോടെ മാത്രമെ വില്‍ക്കാവൂ.

ഭക്ഷ്യ വസ്തു വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും വൃത്തി ശിചിത്വ ശീലങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണം.

വ്യാപാരികള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുമാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുളളൂ.