ഓണാവധി ദിവസങ്ങളില്‍ വാക്‌സിനേഷന്‍ മേജര്‍ ആശുപത്രികളിലായി പരിമിതപ്പെടുത്തണം: കെജിഎംഒഎ

ആരോഗ്യ പ്രവര്‍ത്തകരുടെ വിശ്രമം ഉറപ്പുവരുത്തുന്ന രീതിയില്‍ ഓണദിവസങ്ങളിലെ വാക്‌സിനേഷന്‍ ക്രമീകരിക്കണം. തിരുവോണ നാളില്‍ വാക്‌സിനേഷന്‍ ഒഴിവാക്കണമെന്നും കെജിഎംഒഎ സര്‍ക്കാരിനോട് ആവശ്യപെട്ടു.

Update: 2021-08-19 12:15 GMT

തിരുവനന്തപുരം: ഓണാവധി ദിവസങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ പരിപാടി ആവശ്യമായ മാനവ വിഭവശേഷിയുള്ള മേജര്‍ ആശുപത്രികളിലായി പരിമിതപ്പെടുത്തണമെന്ന് ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ. തിരുവോണ നാളില്‍ വാക്‌സിനേഷന്‍ ഒഴിവാക്കണമെന്നും കെജിഎംഒഎ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപെട്ടു.

ആരോഗ്യ പ്രവര്‍ത്തകരുടെ വിശ്രമം ഉറപ്പുവരുത്തുന്ന രീതിയില്‍ ഓണ ദിവസങ്ങളിലെ വാക്‌സിനേഷന്‍ ക്രമീകരിക്കണം. കഴിഞ്ഞ 20 മാസത്തിലധികമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു അക്ഷീണം പലവിധ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു വിശ്രമം അനിവാര്യമാണ്.

കൊവിഡ് വാക്‌സിനേഷന്‍ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ആശുപത്രികളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍, രോഗീ ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രധിരോധ കുത്തിവയ്പുകള്‍ എന്നിവക്ക് ഭംഗം വരാതെ കൊവിഡ് വാക്‌സിനേഷന്‍ പരിപാടിക്കു വേണ്ടി പ്രത്യേകം സംവിധാനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇത്തരം സംവിധാനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. പൊതു ജനാരോഗ്യ സംരക്ഷണത്തെ ഹാനികരമായി ബാധിക്കാതിരിക്കാനും സര്‍ക്കാര്‍ ആശുപത്രികളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാതിരിക്കാനും ഇത് അത്യാവശ്യമാണെന്ന് കെജിഎംഒഎ പറഞ്ഞു.

Tags:    

Similar News