തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ഓണക്കിറ്റ് വിതരണം പലയിടങ്ങളിലും തടസ്സപ്പെട്ടു. സര്‍വര്‍ തകരാറ് മൂലം ഒടിപി വരുന്നതിന് കാലതാമസം വരുന്നതാണ് പ്രശ്‌നം. ഇത് മൂന്നാം ദിവസമാണ് തകരാറ് കണ്ടെത്തുന്നത്.
ഓരോരുത്തര്‍ക്കും കൂടുതല്‍ സമയം എടുക്കുന്നതായും രാവിലെ 11നും 12നും ഇടയിലും വൈകീട്ട് അഞ്ചിനും ഏഴിനും ഇടയിലുമാണ് തകരാറ് കൂടുതല്‍ കാണുന്നത്.
അതിനിടയില്‍ ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളുടെ എണ്ണം 14.5 ലക്ഷം പിന്നിട്ടതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു. ആഗസ്റ്റ് 23നാണ് കിറ്റ് വിതരണം തുടങ്ങിയത്. 23ന് 1,75,398 പേരും 24ന് 3,53,109 പേരും 25ന് 9,21,493 പേരും ഭക്ഷ്യക്കിറ്റുകള്‍ കൈപ്പറ്റി. 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്കും 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കുമാണ് കിറ്റ് വിതരണം ക്രമീകരിച്ചിരുന്നത്.