ഒമിക്രോണ്‍: ഇതുവരെ ഒരു മരണം പോലും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

Update: 2021-12-03 13:30 GMT

ജനീവ: നവംബറില്‍ ഒമിക്രോണ്‍ വകഭേദം തിരിച്ചറിഞ്ഞ ശേഷം ലോകത്ത് ഈ രോഗം ബാധിച്ച് ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകവ്യാപകമായി രാജ്യങ്ങള്‍ ഒമിക്രോണ്‍ പ്രസരണം തടയുന്നതിനുള്ള ശ്രമം തുടരുന്നതിനിടയില്‍ പുതിയ വകഭേദത്തെക്കുറിച്ചുള്ള തെളിവുകളും വിവരങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പുതിയ പുതിയ രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇന്നലെ വരെയുള്ള കണക്കില്‍ 25ഓളം രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

താനിതുവരെ ഒമിക്രോണ്‍ ബാധിച്ച് മരിച്ചവരുടെ റിപോര്‍ട്ടുകളൊന്നും കണ്ടില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്ത്യന്‍ ലിന്‍ഡ്‌മെയര്‍ ജനീവയില്‍ റിപോര്‍ട്ടര്‍മാരോട് പറഞ്ഞു.

കഴിഞ്ഞ 60 ദിവസത്തിനുള്ളില്‍ ലോകത്ത് സ്ഥിരീകരിച്ചവയില്‍ 99.8 ശതമാനവും ഡല്‍റ്റ വകഭേദമാണ്.

ഒരുപക്ഷേ, ഒമിക്രോണ്‍ ഇനിയും കൂടുതല്‍ പ്രസരിക്കുകയും ലോകത്ത് കൂടുതലുള്ള വകഭേദം അതായി മാറാനും സാധ്യതയുണ്ടെങ്കിലും ഈ ഘട്ടത്തിലതുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും അത് ഒമിക്രോണിനെത്തുടര്‍ന്നായിരുന്നില്ല, ഡല്‍റ്റ വകഭേദം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു.  

Tags: