ഒമിക്രോണ്‍: ഡെല്‍റ്റയെ അപേക്ഷിച്ച് ആശുപത്രിവാസം കുറവെന്ന് പഠനം

Update: 2021-12-23 04:44 GMT

വാഷിങ്ടണ്‍: ലോകത്തെ പൊതുജനാരോഗ്യ രംഗത്തിന് ആശ്വാസവുമായി ബ്രിട്ടനില്‍ നിന്ന് രണ്ട് പഠനങ്ങള്‍. ഡല്‍റ്റ വകഭേദത്തില്‍ ഒമിക്രോണിനെ അപേക്ഷിച്ച് ആശുപത്രിവാസം കുറവാണെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് കണ്ടെത്തിയ പുതിയ വകഭേദത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത്. ലോകത്താകമാനം വീണ്ടും ഒരു കൊവിഡ് വ്യാപനത്തിനുള്ള സാധ്യത നിലനില്‍ക്കേ ഏറെ ആശ്വാസകരമാണ് ഈ വാര്‍ത്ത. 

സ്‌കോട്ട്‌ലന്റ് കേന്ദ്രീകരിച്ചും ഇംഗ്ലണ്ട് കേന്ദ്രീകരിച്ചും രണ്ട് പഠനറിപോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പഠനത്തെ ലോകാരോഗ്യവിദഗ്ധര്‍ സ്വാഗതം ചെയ്‌തെങ്കിലും കൂടിയ തോതിലുള്ള വ്യാപനം ആശുപത്രിവാസത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ഇതൊരു നല്ല വാര്‍ത്തയാണെന്നതില്‍ സംശയമില്ല. അതേസമയം സ്റ്റാറ്റിസ്റ്റിക്കലി സുപ്രധാനമായ കണ്ടെത്തലാണെങ്കിലും ഇത് കുറേകൂടി നേരത്തെ നടക്കുന്ന പഠനമാണ്. ആശുപത്രിവാസം ഈ വകഭേദത്തിന്റെ കാര്യത്തില്‍ കുറവായാണ് കണ്ടത്- സ്‌കോട്ടിഷ് അക്കാദമിയുടെ പഠനത്തിന് നേതൃത്വം നല്‍കിയ ജിം മക് മെനാമിന്‍ പറഞ്ഞു.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കൊവിഡ് കേസുകളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. രോഗികളെ ഡല്‍റ്റ, ഒമിക്രോണ്‍ എന്നിങ്ങനെ തിരിക്കുകുയും ചെയ്തു.

ഡല്‍റ്റയെ അപേക്ഷിച്ച് ആശുപത്രിവാസം മൂന്നില്‍ രണ്ടായി കുറഞ്ഞിട്ടുണ്ട്. ഒപ്പം വാക്‌സിന്‍ ബൂസ്റ്റര്‍ഡോസ്, കൊവിഡ് വ്യാപനത്തിന്റെ അപകടം കുറയ്ക്കുകയും ചെയ്യും.

അതേസമയം ഈ പഠനം ചെറിയ സാംപിളിന്റെ അടിസ്ഥാനത്തിലാണ് നടത്തിയത്. പഠനം നടത്തുന്ന സമയത്ത് ബ്രിട്ടനില്‍ ആകെ 60 പേരാണ് ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയിലുണ്ടായിരുന്നത്. ഈ ദൗര്‍ബല്യം സ്റ്റാറ്റിസ്റ്റിക്കല്‍ ടൂളുകള്‍ ഉപയോഗിച്ച് മറികടന്നിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

രണ്ടാമത്തെ പഠനം ഇംഗ്ലണ്ടില്‍നിന്നാണ്. ആശുപത്രിവാസത്തില്‍ 20-25 ശതമാനത്തിന്റെ കുറവാണ് അതില്‍ കണ്ടത്. ഒരു രാത്രിയോ ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആശുപത്രിവാസത്തില്‍ 40-45 ശതമാനത്തിന്റെയാണ് കുറവ് അനുഭവപ്പെട്ടത്.

സ്‌കോട്ടിഷ് പഠനത്തില്‍ ആശുപത്രിയില്‍ പ്രവേശനം നടത്തിയ കേസുകള്‍ ഒന്നായി പരിഗണിച്ചു. എന്നാല്‍ ഇംഗ്ലണ്ടിലെ പഠനം ആശുപത്രിവാസത്തെത്തന്നെ പലതായി തരംതിരിച്ചിരുന്നു. പഠനങ്ങള്‍ തമ്മിലുള്ള ഒരു വ്യത്യാസത്തിന് കാരണം ഇതാണ്.

ആശുപത്രിവാസം കുറവാണെങ്കിലും രോഗവ്യാപനം ഡല്‍റ്റയേക്കാള്‍ ഇതില്‍ കൂടുതലാണെന്ന് ഇംഗ്ലണ്ടിലെ പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ അസ്ര ഘാനി പറയുന്നു. ബൂസ്റ്റര്‍ ഡോസോടുകൂടിയ കൊവിഡ് വാക്‌സിനേഷനാണ് ഫലപ്രദമായ പരിഹാരമെന്നും പഠനം നിര്‍ദേശിക്കുന്നു.