ഒമിക്രോണ്‍: ആസ്‌ത്രേലിയയില്‍ ഒരാള്‍ മരിച്ചു; വര്‍ധിത നിയന്ത്രണങ്ങള്‍ തല്‍ക്കാലമില്ലെന്ന് സര്‍ക്കാര്‍

Update: 2021-12-27 06:17 GMT

ന്യൂ സൗത്ത് വെയ്ല്‍സ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് ആസ്‌ത്രേലിയയില്‍ ഒരാള്‍ മരിച്ചു. രാജ്യത്ത് ഒമിക്രോണ്‍ രോഗബാധ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും എടുത്തുമാറ്റിയ നിയന്ത്രണങ്ങള്‍ തല്‍ക്കാലം പുനസ്ഥാപിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആശുത്രിയിലാകുന്നവരുടെ എണ്ണം ഇപ്പോഴും കുറഞ്ഞിരിക്കുന്നതാണ് കാരണം. നിരവധി രോഗങ്ങളുള്ള 80 വയസ്സുകാരനായ ഒരാളാണ് ന്യൂ സൗത്ത് വെയില്‍സില്‍ ഒമിക്രോണ്‍ ബാധിച്ച് മരിച്ചത്. രണ്ട് വര്‍ഷമായി വിവിധ തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് ഒമിക്രോണ്‍ മരണത്തോടെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

പുതിയ വകഭേദമായ ഒമിക്രോണ്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ വ്യാപനശേഷി കൂടിയതാണെങ്കിലും ഗൗരവമായ ആരോഗ്യപ്രശ്‌നമുണ്ടാക്കില്ലെന്നാണ് പൊതുനിഗമനം. ആഭ്യന്തരമായി നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ തുടങ്ങിയതോടെ രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്വദേശികളോട് ക്വാറന്റീനില്ലാതെ രാജ്യത്ത് പ്രവേശിക്കാനും അനുമതി നല്‍കിയിരുന്നു. ഇതും രോഗവ്യാപനത്തിന് കാരണമായി.

ഒമിക്രോണ്‍ മരണമല്ലാതെ രോഗത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ സര്‍ക്കാര്‍ പങ്കുവച്ചിട്ടില്ല. വൃദ്ധസദനത്തിലുള്ള ആളാണ് മരിച്ചതെന്നാണ് മരണവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ആകെ വിവരം.

ഒമിക്രോണുമായി ബന്ധപ്പെട്ട ആദ്യ മരണമാണ് ഇതെന്ന് ന്യൂസൗത്ത് വെയില്‍സ് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ക്രിസ്റ്റീന്‍ സെല്‍വെ പറഞ്ഞു.

കഴിഞ്ഞ ദിവസം ആസ്‌ത്രേലിയയില്‍ 6 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിലൊന്നാണ് ഒമിക്രോണ്‍ മരണം.

അതേസയമം ആശുപത്രിവാസം ഒമിക്രോണിന്റെ കാര്യത്തില്‍ കുറവായതുകൊണ്ട് നിയന്ത്രണങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

അതേസമയം പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക് ക്യുആര്‍ കോഡ് വഴി അനുമതി നല്‍കുന്ന രീതി ഉടന്‍ ആരംഭിക്കും. അടഞ്ഞ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗവും നിര്‍ബന്ധമാക്കും.