ഒമിക്രോണ്‍: ഹരിയാനയില്‍ രാത്രി കര്‍ഫ്യൂ

Update: 2021-12-24 14:29 GMT

ചണ്ഡീഗഢ്: ഒമിക്രോണ്‍ വകഭേദം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെത്തന്നെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

രാത്രി 11 മണി മുതല്‍ രാവിലെ 5 മണിവരെയാണ് യാത്രാനിരോധനമുള്ളത്.

മാളുകള്‍, റസ്‌റ്റോറന്റുകള്‍, മണ്ഡികള്‍, ധാന്യമാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ജനുവരി ഒന്നു മുതല്‍ പൊതുപരിപാടികളില്‍ കൂടിയത് 200 പേര്‍ക്കേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. കൊവിഡ് അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി തന്നെയാണ് പ്രഖ്യാപനം നടത്തിയത്.

ഇതുവരെ ഹരിയാനയില്‍ ആറ് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ മൂന്ന് പേര്‍ ഗുരുഗ്രാമിലുള്ളവരാണ്. അവരെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവര്‍ ഇതുവരെ ഹരിയാനയില്‍ പ്രവേശിച്ചിട്ടില്ല. മറ്റ് മൂന്ന് പേര്‍ ഫരീദാബാദിലാണ്.  

രണ്ട് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുമെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടിയെന്നും ആരോഗ്യമന്ത്രി അനില്‍ വിജി പറഞ്ഞു. 

Tags:    

Similar News