ഒമിക്രോണ്‍: ഇന്ന് മുതല്‍ ഡല്‍ഹിയില്‍ രാത്രികര്‍ഫ്യൂ

Update: 2021-12-27 00:56 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്തും. രാത്രി 11 മണി മുതല്‍ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഞായറാഴ്ച 290 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഒരു ദിവസംകൊണ്ട് 16 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുളളില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.

ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനം രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ച്ചയായി 2 ദിവസം ഇത്രയും വര്‍ധനയുണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കും. 

നാല് ഘട്ടങ്ങളായുള്ള കൊവിഡ് നിയന്ത്രണ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കന്നത്. അതിന് ജൂലൈയില്‍ തന്നെ ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ക്ക്‌നുസരിച്ച് നിയന്ത്രണം കൊണ്ടുവരാനും എടുത്തുമാറ്റാനുമുള്ള പദ്ധതിയാണ് ഇത്.

രണ്ടാം തരംഗം അവസാനിച്ചതിനെത്തുടര്‍ന്ന് എടുത്തുമാറ്റിയ എല്ലാ നിയന്ത്രണങ്ങളും അതോടെ പുനഃസ്ഥാപിക്കപ്പെടും. മാളുകളുടെയും അവശ്യവസ്തുക്കളല്ലാത്തവ വില്‍ക്കുന്ന കടകളുടെയും പ്രവര്‍ത്തനത്തെയും അത് ബാധിക്കും. രാവിലെ 10 മണി മുതല്‍ രാത്രി 8വരെ മാത്രമേ പ്രവര്‍ത്തനം അനുവദിക്കൂ. ഹോട്ടലുകള്‍ക്ക് 50 ശതമാനം ശേഷിയോടെ രാവിലെ 8 മുതല്‍ രാത്രി 10വരെ പ്രവര്‍ത്തനം അനുവദിക്കും. ബാറുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി പത്തുവരെ 50ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. സ്പാകള്‍, യോഗ, ജിം കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.