മങ്കിപോക്സ് പകര്‍ച്ചവ്യാധിയെ കുറിച്ച് മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം
മസ്‌കത്ത്: മങ്കിപോക്സ് വൈറസ് മൂലമുണ്ടാകാവുന്ന പകര്‍ച്ചവ്യാധിയെക്കുറിച്ച് പൊതു ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങള്‍, പകരുന്ന രീതി, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ചുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചത്.
മങ്കിപോക്സിന്റെ പ്രാരംഭത്തില്‍ പനി, തലവേദന, പേശിവേദന, ക്ഷീണം എന്നിവയോടെ ആരംഭിച്ച് പിന്നീട് മുഖം, ജനനേന്ദ്രിയം, മലദ്വാരം തുടങ്ങി ശരീരത്തിലെ പല ഭാഗങ്ങളിലും പ്രത്യേക തരത്തിലുള്ള ചുണങ്ങ് രൂപപ്പെടും. ചുണങ്ങ് പല ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
രോഗബാധിതരായ വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുകയോ, ചുണങ്ങുള്ളവരുമായി ശാരീരിക സമ്പര്‍ക്കം ഉണ്ടാക്കുകയോ ചെയ്യുന്നത് പകര്‍ച്ചയ്ക്ക് കാരണമാകാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മലിനമായ കിടക്കവിരി, വസ്ത്രം, തൂവാലകള്‍ എന്നിവയും വൈറസ് പകരാനുള്ള മാര്‍ഗങ്ങളാണ്. ദീര്‍ഘനേരം മുഖാമുഖം സംസാരിക്കുമ്പോള്‍ ശ്വസനതുള്ളികള്‍ വഴിയും രോഗം പകരാമെന്നും മന്ത്രാലയം വ്യക്തമാക്കി.
പൗരന്മാരും താമസക്കാരും സ്വയം സംരക്ഷണ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക, മലിനമായ വസ്തുക്കളില്‍ സ്പര്‍ശിക്കാതിരിക്കുക, രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ വൈദ്യോപദേശം തേടുക എന്നിവയും നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തി. കൂടാതെ, രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പില്‍ വ്യക്തമാക്കി.
