ഒമാന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം ഇന്നു മുതല്‍

Update: 2022-03-23 11:45 GMT

മസ്‌കത്ത്: ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഇന്നും നാളെയും ഡല്‍ഹിയില്‍ നിരവധി കുടിക്കാഴ്ചകളില്‍ പങ്കെടുക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറുമായും ചര്‍ച്ച നടത്തും.

കഴിഞ്ഞ ഡിസംബറില്‍ യുഎഇയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒമാന്‍ പ്രതിരോധമന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അലി അല്‍ സാബി, റോയല്‍ ഒമാന്‍ നേവി കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ സെയ്ഫ് അല്‍ റഹ്ബി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം കഴിഞ്ഞ മാസം ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വഴിവെക്കുമെന്നാണ് പ്രതീക്ഷ. പുതിയ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും പുതിയ സഹകരണക്കരാറുകളില്‍ ഒപ്പുവയ്ക്കാനും ഈ സന്ദര്‍ശനം പ്രയോജനപ്പെടും.

Tags: