കേന്ദ്രവും കേരളവും ചേര്‍ന്ന് നികുതി ഭീകരതയാണ് നടപ്പാക്കുന്നത്; സംസ്ഥാനം നികുതി കുറയ്ക്കണമെന്നും വിഡി സതീശന്‍

Update: 2021-11-04 06:59 GMT

കോഴിക്കോട്:  കേന്ദ്രവും കേരളവും ചേര്‍ന്ന് നികുതി ഭീകരതയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രം ഇന്ധന വില കുറച്ചതിനനുസരിച്ച് കേരളവും നികുതി കുറയ്ക്കണം. സമരവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. നിസ്സാര വിലക്കുറയ്ക്കലാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. കേന്ദ്രം വില കുറച്ചാല്‍ കുറക്കുമെന്ന് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാറിന് നികുതി കുറക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ ഇരു സര്‍ക്കാരുകള്‍ക്കെതിരെയും സമരവുമായി മുന്നോട്ട് പോകും. കേന്ദ്രം നികുതി വര്‍ധിപ്പിക്കുമ്പോള്‍ സന്തോഷിക്കുന്നത് കേരളമാണ്. കേന്ദ്രം കുറച്ചതിനുസരിച്ച് കേരളവും നികുതി കുറയ്ക്കണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.

ഇന്ധന വിലവര്‍ധിക്കാന്‍ കാരണം യുപിഎ സര്‍ക്കാരിന്റെ നയമായിരുന്നു എന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വാദം നിയമസഭയില്‍ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയതാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറയുന്നതിനനുസരിച്ച് ഇവിടെ വില കുറയണമെന്ന നയമായിരുന്നു യുപിഎ സര്‍ക്കാരിന്റേത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചു ഇത് അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് പറഞ്ഞിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അഭിപ്രായപ്പെട്ടിരുന്നു.


Tags:    

Similar News