കല്‍പ്പറ്റ: വയനാട് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായി ഒട്ടേറെ പ്രമാദമായ കേസുകളിലേക്ക് വെളിച്ചം വീശിയ കേരളപോലിസിലെ ശ്വാനസേനാംഗം മാളു ഔദ്യോഗികജീവിതം പൂര്‍ത്തിയാക്കി വിശ്രമജീവിതത്തിലേക്ക് മടങ്ങി. മാളുവിന് വയനാട് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
10 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാണ് നമ്പര്‍ 276 മാളു തൃശ്ശൂരിലെ വിശ്രാന്തിയിലേക്ക് മടങ്ങുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നാള്‍ട്ടന്‍ ജൂഡി ഡിസൂസ, ബി ബിജു എന്നിവരാണ് മാളുവിന്റെ പരിശീലകര്‍.
ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള നായയാണ് മാളു. 2015 ഫെബ്രുവരിയിലാണ് ജനനം. മൂന്നുമാസം പ്രായം തികഞ്ഞപ്പോഴാണ് വയനാട് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. പ്രമാദമായ തിരുനെല്ലി കൊലപാതകം, വെള്ളമുണ്ട കൊലപാതകം, റിസോര്‍ട്ട് കൊലപാതകം തുടങ്ങിയ കേസുകളില്‍ തുമ്പുകളുണ്ടാക്കി പോലിസിന്റെ അന്വേഷണത്തിന് സഹായിച്ചിട്ടുണ്ട്. ഒട്ടേറെ ഗുഡ് സര്‍വീസ് എന്‍ട്രികളും ലഭിച്ചിട്ടുണ്ട്.