ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിപ്പ്; മുന്‍ റാന്‍ബാക്‌സി ഉടമയുടെ ഭാര്യയില്‍ നിന്ന് തടവുകാരന്‍ തട്ടിയത് 200 കോടി
ന്യൂഡല്‍ഹി: മുന്‍ റാന്‍ബാക്‌സി ഉടമകളിലൊരാളുടെ ഭാര്യയില്‍ നിന്ന് ഉന്നതോദ്യോഗസ്ഥന്‍ ചമഞ്ഞ് തിഹാര്‍ ജയിലില്‍ കഴിയുന്ന തടവുകാരന്‍ 200 കോടി തട്ടിച്ചു. താന്‍ ഫോണില്‍ സംസാരിക്കുന്നത് സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരോടാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പല തവണയായി ഭര്‍ത്താവിനെ ജയിലില്‍ നിന്നിറക്കാന്‍ പണം വാങ്ങിയെടുത്തത്. സഹകരിക്കുകയാണെങ്കില്‍ ഭര്‍ത്താവിനെ വേഗത്തില്‍ പുറത്തിറക്കാമെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പണം ആവശ്യപ്പെടുന്നതെന്നും ഇയാള്‍ വിശ്വസിപ്പിച്ചു.
താന്‍ സംസാരിക്കുന്നത് ഉദ്യോഗസ്ഥരോടല്ലെന്നും തട്ടിപ്പുകാരനോടാണെന്നും ഇവര്‍ തിരിച്ചറിഞ്ഞത് മാസങ്ങള്‍ക്കു ശേഷമാണ്. തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥരെ അറിയിക്കുകയും അവരുടെ സഹായത്തോടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
മുന്‍ റാന്‍ബാക്‌സി കമ്പനി ഉടമ ഷിലിന്ദര്‍ സിങിന്റെ ഭാര്യ അതിഥി സിങ്ങാണ് കബളിപ്പിക്കപ്പെട്ടത്. റാന്‍ബാക്‌സിയുടെ ഇപ്പോഴത്തെ ഉടമ മല്‍വീന്ദര്‍ സിങ്ങിന്റെ സഹോദരനാണ് ഷിലിന്ദര്‍ സിങ്ങ്. ഒരു പണം തട്ടിപ്പുകേസില്‍ 2019 മുതല്‍ ഇയാള്‍ ജയിലിലാണ്. ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറാണ് അതിഥിയെ കബളിപ്പിച്ചത്. അതിഥിയും സുകേഷും തമ്മിലുള്ള സംഭാഷണം എന്‍ഡിടിവി പുറത്തുവിട്ടു.
2020 ജൂണ്‍ മുതലാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവിനെ ജയിലില്‍ നിന്ന് ഇറക്കുന്നതിന്റെ ഭാഗമായി ഇവര്‍ പല ഉദ്യോഗസ്ഥരെയും സമീപിച്ചിരുന്നു. അങ്ങനെയാണ് അജയ് ഭള്ളയെന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനോട് സംസാരിക്കുന്നത്. പിന്നീട് കേന്ദ്ര നിയമ സെക്രട്ടറി അനൂപ് കുമാറിനോടും ജൂനിയര്‍ മിനിസ്ട്രി ഉദ്യോഗസ്ഥനായ അഭിനയിനോടും സംസാരിച്ചു. ഇയാളുമായി നല്‍കേണ്ട പണത്തെക്കുറിച്ചും ധാരണയായി.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിഥി 11 മാസവും സംസാരിച്ചിരുന്നത് സുകേഷിനോടാണ്. ഇയാള്‍ ജയിയിലില്‍ അനധികൃതമായി സൂക്ഷിച്ച സാറ്റ്‌ലൈറ്റ് ഫോണും സോഫ്റ്റ് വെയറും ഉപയോഗിച്ച് മറ്റുള്ളവരുടെ ഫോണെന്ന മട്ടില്‍ സംസാരിക്കുകയായിരുന്നു. പതിനൊന്ന് മാസത്തിനുശേഷമാണ് തട്ടിപ്പ് മനസ്സിലായത്. പക്ഷേ, അതിനകം കോടികള്‍ കൈമാറിയിരുന്നു. പണം കണ്ടെത്തുന്നതിനുവേണ്ടി കുടുംബം ധാരാളം സ്വത്ത് വില്‍ക്കുകയും ചെയ്തു.
തട്ടിപ്പ് തിരിച്ചറിഞ്ഞശേഷം അന്വേഷണോദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഇവര്‍ ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
അതിഥി സിങ് ഇതുസംബന്ധിച്ച് പോലിസില്‍ കേസ് കൊടുത്തു. 200 കോടി രൂപ 30 തവണയായാണ് കൈമാറിയത്.
സുകേഷ് ചന്ദ്രശേഖര്‍ ഒരു സ്ഥിരം തട്ടിപ്പുകാരനാണ്. നടി ജാക്വിലിന്‍ ഫര്‍ണാണ്ടസ് അടക്കമുള്ളവരെ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്.

