ജീവിതത്തിലാദ്യമായി അവര്‍ തിയേറ്ററിലെത്തി, ഓടുന്നോന്‍ കാണാന്‍
നാട്ടുകാരനായ നാടകസിനിമാ നടന്‍ നൗഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത ഓടുന്നോന്‍ എന്ന സിനിമ കാണാനായിരുന്നു ഇവരെത്തിയത്.
കോഴിക്കോട്: ജീവിത്തിലൊരിക്കലും തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ടില്ല നൗഫല്‍ പയ്യോളി. പോളിയോ ബാധിച്ച് ചെറുപ്പത്തില്‍ തന്നെ അരയ്ക്ക് താഴെ തളര്‍ന്നുപോയ നൗഫലിന്റെ ജീവിതം വീടിന്റെ നാലുചുമരുകള്‍ക്കുള്ളിലായിരുന്നു. ആദ്യമായി കൊയിലാണ്ടിയിലെ തിയേറ്ററിലെത്തി ഒരു സിനിമ കണ്ടപ്പോള്‍ നൗഫലിനത് ജീവിതത്തിലെ വലിയൊരു സ്വപ്ന സാഫല്യമായിരുന്നു. സിനിമ കാണാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള സാഹചര്യം കിടപ്പിലായ നൗഫലിന് ലഭിച്ചിരുന്നില്ല. നൗഫല്‍ മാത്രമല്ല പൂക്കാട് സ്വദേശിനി പുഷ്പയും ചേലിയ സ്വദേശി പ്രഭാകരനും ശിവാനന്ദനും ജംഷീര്‍ പയ്യോളിയും, അനിലും സന്തോഷും ശിവനും സാബിറയുമെല്ലാം തിയേറ്റലെത്തി. നാട്ടുകാരനായ നാടകസിനിമാ നടന്‍ നൗഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത ഓടുന്നോന്‍ എന്ന സിനിമ കാണാനായിരുന്നു ഇവരെത്തിയത്.
കിടപ്പുരോഗികളുടെ കൂട്ടായ്മയായ ചേമഞ്ചേരി ഏഞ്ചല്‍സ് സ്റ്റാര്‍സാണ് കൊയിലാണ്ടി അമ്പാടി തിയേറ്ററില്‍ സിനിമ കാണാന്‍ അവസരമൊരുക്കിയത്. എയ്ഞ്ചല്‍സിന്റെ പ്രധാന സംഘാടകരിലൊരാളാണ് സംവിധായകനായ നൗഷാദ് ഇബ്രാഹിം. സംഘടന ആരംഭിച്ചതുമുതല്‍ എട്ടുവര്‍ഷമായി ഏയ്ഞ്ചല്‍സിനൊപ്പം ഇദ്ദേഹമുണ്ട്. അതുകൊണ്ട് തന്നെ നൗഷാദ് ഒരു സിനിമയൊരുക്കിയപ്പോള്‍ ഏയ്ഞ്ചല്‍സ് അംഗങ്ങളെല്ലാം അത് കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. നൗഫല്‍ ജീവിതത്തില്‍ ആദ്യമായാണ് സിനിമ കണ്ടതെങ്കില്‍ പുഷ്പ പൂക്കാട് അവസാനമായി തിയേറ്ററില്‍ പോയി കണ്ട സിനിമ ചിത്രമാണ്. ഇരുപത്തേഴ് വര്‍ഷമായി ഏയ്ഞ്ചല്‍സ് പ്രസിഡന്റ് പ്രഭാകരന്‍ തിയേറ്ററില്‍ പോയി സിനി കണ്ടിട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തിലാണ് ഇദ്ദേഹം നട്ടെല്ലിന് ക്ഷതമേറ്റ് തളര്‍ന്ന് കിടപ്പിലായത്. ഉയരത്തില്‍ നിന്ന് വീണാണ് സന്തോഷും ശിവനുമെല്ലാം കിടപ്പിലായത്. പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളര്‍ന്നെങ്കിലും പ്രതിസന്ധികളെ സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്ന ഏയ്ഞ്ചല്‍സ് സെക്രട്ടറി സാബിറയുടെ നിശ്ചയദാര്‍ഢ്യമാണ് അംഗങ്ങളെയെല്ലാം തിയേറ്ററിലെത്തിച്ചത്. ഏയ്ഞ്ചല്‍സ് വളണ്ടിയര്‍മാരായ മുഹമ്മദ് കോയ, പ്രകാശ്, അഖില്‍, മിനി എന്നിവരുടെ സഹായത്തോടെയാണ് എല്ലാവരും തിയേറ്ററില്‍ വന്നത്.
സംവിധായകനായ നൗഷാദ് ഇബ്രാഹിം, ചിത്രത്തിലെ നായിക ജയാ നൗഷാദ്, കഥാപാത്രമായ രവി കാപ്പാട് എന്നിവരോടൊപ്പമാണ് ഇവര്‍ സിനിമ കണ്ടത്. കാലങ്ങള്‍ക്കു ശേഷം ഒരു സിനിമ തിയേറ്ററില്‍ പോയി കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇവരെല്ലാം പറഞ്ഞു. മികച്ച പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായിരുന്നു സിനിമയെന്ന് വ്യക്തമാക്കിയ ഇവര്‍ സന്തോഷ് കീഴാറ്റൂരിന്റെ അഭിനയ മികവിനെയും അഭിനന്ദിച്ചു.
