ഭുവനേശ്വര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ റേഡിയോ വഴി പാഠങ്ങള്‍ പഠിപ്പിക്കാനുള്ള പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍. റേഡിയോ പാഠശാല എന്ന് പേരിട്ടിട്ടുള്ള ഈ പരിപാടി സപ്തംബര്‍ 28 മുതല്‍ എല്ലാ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10നും 10.15നുമിടയിലാണ് പ്രക്ഷേപണം ചെയ്യുക. ഒന്നാം ക്ലാസു മുതല്‍ 8ാം ക്ലാസുവരെയുള്ള കുട്ടികളെ അവരുടെ സിലബസനുസരിച്ച് പഠിപ്പിക്കും.
എല്ലാ സ്കൂള്‍ മേലധികാരികള്‍ക്കും അറിയിപ്പ് കൊടുക്കാന്‍ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഭൂപേന്ദ്ര എസ് പൂഞ്ജ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള് ഇന്ത്യ റേഡിയോ വഴിയാണ് പ്രോഗ്രാമുകള്‍ പ്രക്ഷേപണം ചെയ്യുക.