നഴ്‌സുമാരുടെ പണിമുടക്ക്; ആരോഗ്യരംഗം പ്രതിസന്ധിയില്‍

Update: 2026-03-10 12:11 GMT

കോഴിക്കോട്: ശമ്പളവര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ആരംഭിച്ച പണിമുടക്ക് ശക്തമായതോടെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലായി. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ ലഭിക്കാത്ത രോഗികള്‍ വലയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അത്യാഹിത വിഭാഗങ്ങളില്‍ പോലും നഴ്‌സുമാരില്ലാത്തതിനാല്‍ രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാനാകാതെ ഡോക്ടര്‍മാര്‍ നിസ്സഹായരാവുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പല സ്വകാര്യ ആശുപത്രികളിലും അത്യാഹിതവിഭാഗങ്ങളില്‍ പോലും ചികില്‍സ മുടങ്ങുന്ന സ്ഥിതിയാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സ ലഭ്യമാക്കുന്ന ആശുപത്രികളില്‍വരെ അത്യാഹിതമായി എത്തുന്ന രോഗികളെ തിരികെ അയക്കുന്ന സാഹചര്യം രൂപപ്പെട്ടതോടെ രോഗികള്‍ വലിയ പ്രതിസന്ധിയിലാണ്. ഇതോടെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് യുഎന്‍എ വ്യക്തമാക്കി, എന്നാല്‍ സമരം അവസാനിപ്പിച്ചാലേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്ന നിലപാടിലാണ് ആശുപത്രി മാനേജ്‌മെന്റുകള്‍. സമരം അന്യായമാണെന്നും നഴ്‌സുമാര്‍ രോഗികളുടെ ജീവന്‍ വച്ച് വിലപേശുകയാണെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ ആരോപിച്ചു. നോട്ടിസ് നല്‍കാതെയാണ് നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചതെന്നും ഇതുമൂലം ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള രോഗികള്‍ക്ക് തുടര്‍ചികില്‍സ ലഭിക്കാതെ പ്രയാസപ്പെടുകയാണെന്നും അധികൃതര്‍ പറഞ്ഞു.

നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം പുതിയ ജീവനക്കാരെ നിയമിക്കുമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റുകളാണ് രോഗികളുടെ ജീവന്‍ വച്ച് പന്താടുന്നതെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ ആരോപിച്ചു. ദിവസക്കൂലിയായി 1333 രൂപയാണ് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നതെന്നും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഇത് അതിജീവന സമരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു.

നഴ്‌സുമാരുടെ അഭാവം കാരണം അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിചരിക്കാന്‍ പോലും ബുദ്ധിമുട്ട് നേരിടുന്നുവെന്ന് കോഴിക്കോട് ഇഖ്‌റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധികൃതര്‍ അറിയിച്ചു. രോഗികളുടെ ജീവന്‍ വച്ച് വിലപേശല്‍ അവസാനിപ്പിച്ച് അവകാശങ്ങള്‍ നേടാന്‍ മറ്റു സമരമുറകള്‍ സ്വീകരിക്കണമെന്ന് ആശുപത്രി അധികൃതര്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടു. അവശ്യസേവനങ്ങളെ ഇത്തരം രീതിയില്‍ ബന്ധിയാക്കുന്നത് പരിഷ്‌കൃത സമൂഹത്തില്‍ അംഗീകരിക്കാനാവാത്തതാണെന്നും ആശുപത്രിയുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

Tags: