നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം: മാനേജ്‌മെന്റുമായുള്ള ചര്‍ച്ച പരാജയം, സമരവുമായി മുന്നോട്ട് പോകുമെന്ന് യുഎന്‍എ

Update: 2026-03-08 10:48 GMT

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജ്‌മെന്റുകളും നഴ്‌സുമാരുടെ സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നിലവിലുള്ള ശമ്പളത്തില്‍ 5,000 രൂപ വര്‍ധിപ്പിക്കാമെന്ന മാനേജ്‌മെന്റുകളുടെ നിര്‍ദേശം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) തള്ളി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ ശമ്പളമായ 28,500 രൂപ നല്‍കണമെന്ന ആവശ്യവും മാനേജ്‌മെന്റുകള്‍ അംഗീകരിച്ചില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് യുഎന്‍എ അറിയിച്ചു.

അതേസമയം, ചില ആശുപത്രി മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് ഭാഗികമായി അംഗീകരിച്ചു. ദിവസ വേതനത്തില്‍ 1,500 രൂപയ്ക്കു മുകളില്‍ വര്‍ധനവ് നല്‍കാമെന്നതാണ് അവരുടെ നിലപാട്. മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാത്ത ആശുപത്രികളില്‍ നാളെ മുതല്‍ സമരം നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടന വ്യക്തമാക്കി.

കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ (കെപിഎച്ച്എ) യുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എട്ട് ആശുപത്രികള്‍ നേരിട്ട് ചര്‍ച്ച നടത്തുകയായിരുന്നു. വിവിധ ആവശ്യങ്ങളില്‍ ഇരു വിഭാഗങ്ങളും ഇളവ് കാണിച്ചതോടെ ധാരണയിലെത്തി.

നാളെ സമരവുമായി മുന്നോട്ട് പോകുമെന്ന യുഎന്‍എയുടെ നിലപാടിനെ തുടര്‍ന്ന് നടത്തിയ അനുനയ ചര്‍ച്ചകളിലെ തീരുമാനം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്നാണ് അറിയിച്ചത്. തീരുമാനം അംഗീകരിക്കാത്ത ആശുപത്രികള്‍ക്കെതിരെ നാളെ മുതല്‍ സമരം ശക്തമാക്കുമെന്നും സംഘടന അറിയിച്ചു.              

Tags: