നഴ്സുമാരുടെ ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം പുറത്തിറക്കി

Update: 2026-03-08 06:36 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരടക്കം ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരട് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സ്റ്റാഫ് നഴ്സുമാര്‍ക്ക് 25,450 രൂപ മുതല്‍ 33,880 രൂപ വരെ മിനിമം വേതനം ലഭിക്കുന്ന തരത്തിലാണ് കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. അധിക അലവന്‍സുകളും ക്ഷാമബത്തയും ഉള്‍പ്പെടെ ശമ്പളം ഏകദേശം 40,000 രൂപവരെ ലഭിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കരട് വിജ്ഞാപനത്തെക്കുറിച്ച് ചര്‍ച്ചകളും പൊതുജനാഭിപ്രായവും ശേഖരിച്ച ശേഷം 60 ദിവസത്തിനകം അന്തിമ വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ടെന്നും അതിന് ശേഷമേ ഇത് പ്രാബല്യത്തിലാവുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം സര്‍ക്കാരിന്റെ കരട് വിജ്ഞാപനം അംഗീകരിക്കില്ലെന്നും അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുന്നത് വരെ സമരം തുടരുമെന്നും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായും ഇന്ന് തൃശൂരില്‍ ചര്‍ച്ച നടത്തുമെന്നും തുടര്‍ന്ന് സമരം ഏത് രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണമെന്നത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍എ മുന്നോട്ടുവച്ച ശമ്പള പരിഷ്‌കരണ നിര്‍ദേശങ്ങളോട് ഭൂരിഭാഗം മാനേജ്‌മെന്റുകളും അനുകൂല നിലപാടിലാണ്, എന്നാല്‍ സര്‍ക്കാരാണ് പിടിവാശി കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പ്രകാരം സ്വകാര്യ ആശുപത്രികളിലെ ഓഫീസ്, പൊതുവിഭാഗം ജീവനക്കാര്‍, രജിസ്റ്റര്‍ഡ് നഴ്സുമാര്‍, മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ എന്നിവരുടെ അടിസ്ഥാന ശമ്പളത്തില്‍ പരിഷ്‌കാരം ഉണ്ടാകും. ശമ്പള വര്‍ധന ആവശ്യപ്പെട്ട് യുഎന്‍എ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ വന്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു.

Tags: