പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനം അവസാനിപ്പിച്ചുവെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന തെറ്റെന്ന് സര്‍ക്കാരിന്റെ തന്നെ കണക്ക്

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ പുറത്തിറക്കിയ ഡ്രിങ്കിങ് വാട്ടര്‍, സാനിറ്റേഷന്‍, ഹൈജീന്‍ ആന്റ് ഹൗസിങ് കണ്ടീഷന്‍ ഇന്‍ ഇന്ത്യ റിപോര്‍ട്ടാണ് മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നത്.

Update: 2019-11-25 17:57 GMT

ന്യൂഡല്‍ഹി: 2019 ഒക്ടോബര്‍ 2 നാണ് പ്രധാനമന്ത്രി മോദി ഇന്ത്യയെ പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താത്ത രാജ്യമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തോടനുബന്ധിച്ച് എല്ലാ കുടുബങ്ങള്‍ക്കും സ്വച്ഛ് ഭാരത് മിഷന്റെ പദ്ധതിയില്‍ പെടുത്തി ശൗചാലയങ്ങള്‍ പണിതീര്‍ത്തുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുകയും ചെയ്തു.

എന്നാല്‍ ആ കണക്കുകള്‍ക്ക് കടകവിരുദ്ധമായ മറ്റൊരു കണക്ക് ഇപ്പോള്‍ പുറത്തുവന്നിരിക്കയാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ പുറത്തിറക്കിയ ഡ്രിങ്കിങ് വാട്ടര്‍, സാനിറ്റേഷന്‍, ഹൈജീന്‍ ആന്റ് ഹൗസിങ് കണ്ടീഷന്‍ ഇന്‍ ഇന്ത്യ റിപോര്‍ട്ടാണ് മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നത്. പുറത്തുവന്ന കണക്കനുസരിച്ച് ഇന്ത്യയിലെ 29 ശതമാനം ഗ്രാമീണര്‍ക്കും 4 ശതമാനം നഗരവാസികള്‍ക്കും ശൗചാലയങ്ങളില്ലെന്നാണ് റിപോര്‍ട്ട് വെളിപ്പെടുത്തുന്നത്.

2018 ഒക്ടോബര്‍ മാസത്തെ വിവരങ്ങളാണ് ശേഖരിച്ചത്. ആ സമയത്തെ സ്വച്ഛ് ഭാരത് മിഷന്‍ കണക്കനുസരിച്ച് 95 ശതമാനം ശൗചാലയങ്ങളും പണിതീര്‍ത്തു കഴിഞ്ഞിട്ടുണ്ട്. ഈ സമയത്ത് ഇന്ത്യയിലെ 25 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്താത്ത പ്രദേശങ്ങളായി മാറിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ഏപ്രില്‍ 2018 ല്‍ സ്വച്ഛഭാരത് മിഷന്റെ ടാര്‍ജറ്റ് പൂര്‍ത്തീകരിച്ചെന്നു പ്രഖ്യാപിച്ച മഹാരാഷ്ട്രയില്‍ പുതിയ സര്‍വെ അനുസരിച്ച് 22 ശതമാനം വീടുകള്‍ക്കും ഈ സൗകര്യമില്ല. ഗുജറാത്തിന്റെ കാര്യത്തില്‍ പ്രഖ്യാപനം നടന്നത് 2017 ലാണ.് പുതിയ സര്‍വെ നല്‍കുന്ന വിവരം 24 ശതമാനത്തിനും ശൗചാലയങ്ങളില്ലെന്നാണ്. ഒഡിഷ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശൗചാലയങ്ങളില്ലാത്ത വീടുകളുടെ എണ്ണം 50 ശതമാനം, 48 ശതമാനം, 41 ശതമാനം എന്നിങ്ങനെയായിരുന്നു.

ഗുജറാത്തിന്റെ അവകാശവാദത്തിനെതിരേ സിഎജി തന്നെ ഗുരുതരമായ സംശയം പ്രകടിപ്പിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളും വിവരങ്ങളും സര്‍വ്വെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Tags: