എന്‍ആര്‍സി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍

അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഭരണഘടനയുടെ 32ാം അനുഛേദ പ്രകാരം കൂടുതല്‍ കാലം താമസിക്കാനോ പൗരത്വം അവകാശപ്പെടാനോ അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍

Update: 2020-03-19 08:09 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ അനിവാര്യമാണന്ന് കേന്ദ്രം സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രം ഇക്കാര്യം സുപ്രിം കോടതിയെ അറിയിച്ചത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നിയമപ്രകാരം എന്‍ആര്‍സി കേന്ദ്ര സര്‍ക്കാരില്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ വാദിച്ചു.

അനധികൃത കുടിയേറ്റക്കാരെ നിയമപരമായ നടപടിയിലൂടെ കണ്ടത്താന്‍ എന്‍ആര്‍സി ആവശ്യമാണെന്ന് സര്‍ക്കാര്‍ വാദിച്ചു. അനധികൃത താമസക്കാരായ വിദേശികളെ തടവിലാക്കാനും നാടുകടത്താനും ഭരണഘടനയുടെ 258(1) അനുഛേദ പ്രകാരം 1958 മുതല്‍ സംസ്ഥാന സര്‍ക്കാറിനും അധികാരമുണ്ട്. വിസയോടുകൂടിയ വിദേശികള്‍, പൗരന്മാര്‍, അനധികൃത കുടിയേറ്റക്കാര്‍ എന്നിങ്ങനെ മൂന്നു തരം ആളുകള്‍ രാജ്യത്ത് താമസിക്കുന്നുണ്ട്. 1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോര്‍ട്ട് നിയമം, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള 1955ലെ നിയമം എന്നിവ പ്രകാരം എന്‍ആര്‍സി കേന്ദ്ര സര്‍ക്കാറിന്റെ ചുമതലയാണ്. അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഭരണഘടനയുടെ 32ാം അനുഛേദ പ്രകാരം കൂടുതല്‍ കാലം താമസിക്കാനോ പൗരത്വം അവകാശപ്പെടാനോ അനുവദിക്കരുതെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം (സിഎഎ) അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ളതാണെന്ന വാദം തള്ളണമെന്ന് ആവശ്യപ്പെട്ട ശേഷമാണ് എന്‍.ആര്‍.സി നിയമപരമായി നിലനില്‍ക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

എന്‍ആര്‍സിക്ക് നിയമസാധുത നല്‍കുന്ന 14എ വകുപ്പ് 1955ലെ പൗരത്വനിയമത്തില്‍ 2004 മുതലുണ്ട്. എന്‍ആര്‍സി തയ്യാറാക്കുന്നതിനുള്ള നടപടിക്രമം, ചുമതലക്കാര്‍ എന്നിവ അതില്‍ വിശദീകരിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Tags: