'എടിഎമ്മില്‍ നിന്ന് ഇനി ധാന്യം കൈപ്പറ്റാം'; 'ഗ്രെയിന്‍ എടിഎമ്മിന്' തുടക്കമിട്ട് ബിഹാര്‍
പട്‌ന: പൊതുവിതരണ സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് റേഷന്‍ കടകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം വരിനില്‍ക്കുന്നത് ഒഴിവാക്കുന്നതിനുമായി 'ഗ്രെയിന്‍ എടിഎം' അഥവാ 'അന്നപൂര്‍ത്തി' പദ്ധതിക്ക് തുടക്കമിട്ട് ബിഹാര്‍ സര്‍ക്കാര്‍. ഇതോടെ ഇനി ബാങ്ക് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് പോലെ ഇനി റേഷന്‍ വിഹിതവും മെഷീനിലൂടെ ലഭ്യമാകും.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ തലസ്ഥാനമായ പട്‌നയില്‍ മൂന്ന് മെഷീനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പൈലറ്റ് പ്രോജക്റ്റ് വിജയകരമായാല്‍ സംസ്ഥാനത്തുടനീളം ഈ സംവിധാനം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇത് ഗുണഭോക്താക്കളുടെ കാത്തിരിപ്പ് സമയം ഏകദേശം 70 ശതമാനത്തോളം കുറയ്ക്കും. ബാങ്ക് എടിഎമ്മുകള്‍ പോലെ ഏതുസമയത്തും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. വൈദ്യുതി തടസം ബാധിക്കാതിരിക്കാന്‍ സോളാര്‍ പാനലുകള്‍ വഴി ഇവ പ്രവര്‍ത്തിപ്പിക്കാം.
ബാങ്ക് എടിഎമ്മുകള്‍ക്ക് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് മെഷീനുകളാണിവ. അരിയും ഗോതമ്പുമാണ് പ്രധാനമായും ഇതിലൂടെ വിതരണം ചെയ്യുന്നത്. ലോക ഭക്ഷ്യ പദ്ധതിയുടെ സഹകരണത്തോടെയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. വെറും 5 മിനിറ്റിനുള്ളില്‍ 50 കിലോ ധാന്യം വരെ വിതരണം ചെയ്യാന്‍ ഈ മെഷീന് സാധിക്കും.
റേഷന്‍ കാര്‍ഡുടമകള്‍ക്ക് അവരുടെ റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ ഉപയോഗിച്ച് ഗ്രെയിന്‍ എടിഎമ്മില്‍ നിന്ന് ധാന്യം കൈപ്പറ്റാം. ഗുണഭോക്താവ് മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യുകയോ ആധാര്‍ നമ്പര്‍ നല്‍കുകയോ ചെയ്യണം. തുടര്‍ന്ന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് (വിരലടയാളം) പരിശോധന പൂര്‍ത്തിയാക്കണം.
ഒഡീഷ ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളില്‍ നിലവില്‍ ഈ പദ്ധതി വിജയകരമായി പരീക്ഷിച്ചു വരികയാണ്. നഗരപ്രദേശങ്ങളില്‍ ആരംഭിച്ച് പിന്നീട് പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യം.
