ന്യൂഡല്‍ഹി: ഒക്ടോബര്‍ 30ന് 13 സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടന്നു. ഇന്ന് ഉച്ചയോടെ മുഴുവന്‍ ഫലവും പുറത്തുവരികയും ചെയ്തു. മൊത്തത്തിലെടുത്താല്‍ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ പറയാം: തൃണമൂല്‍ ആധിപത്യമുറപ്പിച്ചു, കോണ്‍ഗ്രസ്സും ബിജെപിയും അവസരങ്ങള്‍ പങ്കിട്ടു. പ്രാദേശിക പാര്‍ട്ടികളും നേട്ടമുണ്ടാക്കി.
13 സംസ്ഥാനങ്ങളിലും ദാദ്ര & നഗര്‍ ഹവേലിയിലുമായി മൂന്ന് ലോക്‌സഭാ സീറ്റിലേക്കും 29 നിയമസഭാ സീറ്റിലേക്കുമാണ് ഒക്‌ടോബര്‍ 30ന് തിരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശിലെ ഖന്‍ഡ്‌വ, ഹിമാചല്‍പ്രദേശിലെ മണ്ഡി, ദാദ്ര ആന്റ് നഗര്‍ ഹവേലി എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലും എംപിമാര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അസമില്‍ അഞ്ച് സീറ്റിലേക്കും പശ്ചിമ ബംഗാളില്‍ നാല് സീറ്റിലേക്കും മധ്യപ്രദേശ്, ഹിമാചല്‍, മേഘാലയ എന്നിവിടങ്ങളില്‍ മൂന്ന് സീറ്റിലേക്കും ബീഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രണ്ട് സീറ്റിലേക്കും ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര, മിസോറം, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നാഗാലാന്റിലെ ഷാമറ്റോര്‍ ചെസ്സോര്‍ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നെങ്കിലും എന്‍ഡിപിപി നേതാവ് എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 29 സീറ്റില്‍ പകുതിയും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. കോണ്‍ഗ്രസ് 9, ശേഷിക്കുന്നത് പ്രദേശികപാര്‍ട്ടികള്‍ വിജയിച്ച മണ്ഡലങ്ങളാണ്.
ബംഗാളില്‍ തൃണമൂലിനായിരുന്നു നേട്ടം. നാല് സീറ്റുകളിലേക്കാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. എല്ലാ സീറ്റിലും റെക്കോര്‍ഡ് മാര്‍ജിനും ലഭിച്ചു. നാല് സീറ്റില്‍ നാലും തൃണമൂലിനായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമുണ്ടായിരുന്ന രണ്ട് സീറ്റും ഇത്തവണ തൃണമൂല്‍ തിരിച്ചുപിടിച്ചു. ഉയര്‍ന്ന വോട്ട് വിഹിതവും നേടി. ദിന്‍ഹത, ശാന്തിപൂര്‍ സീറ്റുകളാണ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തത്.
ആകെ വോട്ടിന്റെ 75.02 ശതമാനവും തൃണമൂല്‍ നേടി, ബിജെപി 14.48 കൊണ്ട് തൃപ്തിപ്പെട്ടു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ ആധിപത്യം നിലനിര്‍ത്തി. നാഷണല്‍ ഫ്രന്റ് എംഎന്‍എഫ് ആണ് ട്യൂറിയല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കയറിയത്.
അസമില്‍ അഞ്ചില്‍ അഞ്ചും ബിജെപി നേടി. ഗോസൈഗാവ്, താമുല്‍പൂര്‍, ഭബാനിപൂര്‍, മരിയാനി, തൗറ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്സില്‍ നിന്ന് കാലുമാറിയ രുപ്‌ജ്യോദി കുര്‍മിയും സുശാന്ത ബോര്‍ഗോഹൈന്‍നും ഇവിടെ നിന്നാണ് ജയിച്ചത്.
ഹരിയാനയില്‍ ഐഎന്‍എല്‍ഡിയിലെ അഭയ് സിങ് ചൗട്ടാല 6,500 വോട്ടുകള്‍ക്ക് വിജയിച്ചു. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ചൗട്ടാല രാജിവച്ചതോടെയാണ് ഈ സീറ്റ് ഒഴിഞ്ഞത്.
ബീഹാറിലെ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടില്‍ രണ്ടും ജെഡിയു നേടി. താരാപൂര്‍, കുശേശ്വര് ആസ്ഥാന്‍ സീറ്റുകളില്‍ നിന്നാണ് ഇവര്‍ വിജയിച്ചത്.
ഹിമാചലിലും രാജസ്ഥാനിലും കോണ്‍ഗ്രസ്സാണ് നേട്ടമുണ്ടാക്കിയത്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപി രണ്ട് സീറ്റ് പിടിച്ചെടുത്തു. ദാദര്‍ നഗര്‍ ഹവേലിയിലെ സീറ്റില്‍ ശിവസേന ജയിച്ചു.
കര്‍ണാടകയില്‍ ഓരോന്നുവീതം ബിജെപിയും കോണ്‍ഗ്രസ്സും പിടിച്ചെടുത്തു. തെലങ്കാനയില്‍ ഒരു സീറ്റ് ടിആര്‍എസ്സില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു.
ചുരുക്കത്തില്‍ സമ്മിശ്ര പ്രതികരണം. പക്ഷേ, ബിജെപിയുടെ സമയം എണ്ണപ്പെട്ടുതുടങ്ങിയെന്ന് കരുതിയാലും തെറ്റില്ല.

