തിരുവനന്തപുരം: 2021ലെ സഹകരണ വാരാഘോഷം വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനം. സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആലോചനായോഗത്തിലാണ് വിപുലമായ പരിപാടികളോടെ ഇത്തവണത്തെ വാരാഘോഷം നടത്താന്‍ തീരുമാനിച്ചത്.
നവംബര്‍ 14 മുതല്‍ 20 വരെയാണ് വാരാഘോഷം. സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിലാകും പരിപാടികള്‍. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും പരിപാടികള്‍. സംസ്ഥാന, ജില്ല, താലൂക്ക് തലത്തിലായിരിക്കും ആഘോഷം സംഘടിപ്പിക്കുക.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ എന്നിവ സംഘടിപ്പിക്കും. അന്താരാഷ്ട്ര തലത്തിലെ വിദഗ്ദ്ധര്‍ പരിപാടികളില്‍ പങ്കെടുക്കും. സഹകരണ രംഗത്തെ വെല്ലുവിളികളെ കുറിച്ചും ചര്‍ച്ച ചെയ്യും. പ്രതിരോധ നടപടികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള വിപുലമായ ആലോചനകളും വാരാഘോഷത്തിലുണ്ടാകും. 14 ന് തിരുവനന്തപുരത്തായിരിക്കും സംസ്ഥാനതല ഉദ്ഘാടനം. 20 ന് കോഴിക്കോട് സമാപന യോഗം നടത്താനാണ് തീരുമാനം.
സംസ്ഥാനത്തെ സഹകാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കാളിത്തം ലഭിക്കുന്ന വിധത്തിലായിരിക്കും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.