ഡോ. കെ എസ് മാധവനെതിരേ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയ നടപടി ലജ്ജാകരം; പ്രതികാര നടപടി നിര്‍ത്തിവയ്ക്കണമെന്ന് പ്രഫ. പി കെ പോക്കര്‍

Update: 2021-05-01 10:14 GMT

കോഴിക്കോട്: സര്‍വകലാശാലാ നിയമനങ്ങളിലെ സംവരണ അട്ടിമറിക്കെതിരേ ലേഖനമെഴുതിയ ചരിത്രാധ്യാപകന്‍ ഡോ. കെ എസ് മാധവനെതിരേ കോഴിക്കോട് സര്‍വകലാശാല എടുത്ത പ്രതികാരനടപടികള്‍ പിന്‍വലിക്കണമെന്ന് ഡോ. പി കെ പോക്കര്‍. സര്‍വകലാശാലയിലെ നിയമനങ്ങളിലെ അനീതിക്കെതിരേ ഡോ. പി കെ പോക്കറുമായി ചേര്‍ന്നാണ് മാധ്യമത്തിന്റെ എഡിറ്റ് പേജില്‍ സര്‍വകലാശാലകളില്‍ നിറഞ്ഞാടുന്നു സംവരണവിരുദ്ധ മാഫിയ എന്ന പേരില്‍ മാധവന്‍ ലേഖനം പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലും ലോകത്തും അക്കാദമിക പ്രവര്‍ത്തകര്‍ സാമൂഹിക നീതിക്കും, ഉള്‍കൊള്ളല്‍ നയത്തിനും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എഴുത്തിന്റെ പേരില്‍ പ്രതികാരനടപടി തുടങ്ങിയത് ലജ്ജാകരമാണെന്നും ഡോ. പോക്കര്‍ അഭിപ്രായപ്പെട്ടു.

ലേഖനം പ്രസിദ്ധീകരിക്കുക വഴി സര്‍വ്വകലാശാലയുടെ സല്‍പ്പേരിനു കളങ്കം വരുത്തിയെന്ന കുറ്റമാണ് മാധവനെതിരേ ചുമത്തിയിരിക്കുന്നത്. കോഴിക്കോട് സര്‍വകലാശാലയിലെ ചരിത്ര വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറാണ് മാധവന്‍.

''മാധവന്‍ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ്. മാധവനും ഞാനും ചേര്‍ന്ന് മാധ്യമം ദിനപത്രത്തില്‍ ഇന്ത്യയിലും കേരളത്തിലും നടക്കുന്ന സംവരണ അട്ടിമറികള്‍ അന്വേഷിച്ചു നടപടിയെടുക്കണമെന്നു ലേഖനം എഴുതിയിരുന്നു. സര്‍വകലാശാലകളില്‍ കാലാകാലമായി നിലനില്‍ക്കുന്ന കീഴാള വിരുദ്ധതയെ കുറിച്ച് ഞങ്ങള്‍ രണ്ടു പേരും വളരെക്കാലമായി നടത്തി വരുന്ന പഠനങ്ങളുടെയും പ്രവര്‍ത്തനത്തിന്റെയും തുടര്‍ച്ചയാണ് ആ ലേഖനവും. ഉള്‍കൊള്ളഅല്‍ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും ഭരണഘടനപരവും നിയമപരവുമായ അവകാശ സംരക്ഷണത്തിന്റെ അനിവാര്യതയും ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് സാമൂഹിക നീതി ഉറപ്പാക്കേണ്ടത്''- ഡോ പോക്കര്‍ വ്യക്തമാക്കി.

''ജെ എന്‍ യു വിലെ അധ്യാപകര്‍സാര്‍വ്വകലാശാലയെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുകയും അവയെല്ലാം ചേര്‍ത്ത് പുസ്തകം ആക്കി പ്രസിദ്ധീകരിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. അമേരിക്കന്‍ മിലിട്ടറിയുടെ ഗവേഷണം കൂടി നടക്കുന്ന എംഐടി സര്‍വകലാശാലയില്‍ പ്രൊഫെസര്‍ ആയി ഇരുന്നു കൊണ്ടാണ് ചോംസ്‌കി അമേരിക്കയുടെ വംശീയവും അധിനിവേശ പരവുമായ തെറ്റായ നയങ്ങള്‍ വിമര്‍ശിച്ചത്. അങ്ങിനെ മാത്രമാണ് ചരിത്രം മുന്നേറിയിട്ടുള്ളത്''- ഇന്ത്യയിലും ലോകത്തും അക്കാദമിക പ്രവര്‍ത്തകര്‍ സാമൂഹിക നീതിക്കും, ഉള്‍കൊള്ളല്‍ നയത്തിനും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എഴുത്തിന്റെ പേരില്‍ പ്രതികാരനടപടി തുടങ്ങിയത് ലജ്ജാകരമാണ്. അടിയന്തിരമായി ഈ മെമോ പിന്‍വലിക്കുകയും തെറ്റുകള്‍ അവര്‍ത്തിക്കാതിരിക്കുകയും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ വിവേകം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: