ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല; അംബേദ്കര്‍ കോളനിക്കാര്‍ അനിശ്ചിതകാല സമരത്തിന്
50 പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങളാണ് സത്യഗ്രഹത്തിന് തയാറെടുക്കുന്നത് അംബേദ്കര്‍ കോളനിയിലെ ഓലക്കുടിലുകളിലൊന്ന്
കൊല്ലങ്കോട്: ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് അംബേദ്കര്‍ കോളനിവാസികള്‍ വീണ്ടും സമരത്തിലേക്ക്. 50 പട്ടികജാതി-വര്‍ഗ കുടുംബങ്ങളാണ് മുതലമട പഞ്ചായത്തിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹത്തിന് തയാറെടുക്കുന്നത്. ഒക്ടോബര്‍ 12ന് സമരം ആരംഭിക്കുമെന്ന് കോളനിവാസികള്‍ അറിയിച്ചു.
ഭവന പദ്ധതികള്‍ക്ക് അപേക്ഷ നല്‍കി പതിറ്റാണ്ടുകള്‍ കഴിഞ്ഞും പരിഗണിക്കാത്തതിനെതിരേയാണ് സമരം. ഇതേ വിഷയത്തില്‍ 2019 ജനുവരിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് കോളനിവാസികള്‍ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ മുതലമട ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് ചുമതല നല്‍കി.
കോളനിവാസികള്‍ അര്‍ഹരാണെന്നും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതായും സെക്രട്ടറി അറിയിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്ന് കോളനിവാസിയായ കെ വിജയന്‍ പറഞ്ഞു. ഭവന പദ്ധതിക്കായി 2000ത്തില്‍ അപേക്ഷ നല്‍കിയവരുടെ സാധ്യത പട്ടിക പൂര്‍ണമായി അട്ടിമറിച്ച ബ്ലോക്ക് പട്ടികജാതി ഓഫിസര്‍ക്കെതിരേയും പഞ്ചായത്ത് ലിസ്റ്റില്‍ മുന്‍ഗണന പട്ടിക അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേയും അര്‍ഹരായവരെ കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ വിവേചനം ഉണ്ടാക്കി ഭവന പദ്ധതികളില്‍ തിരിമറി നടത്തിയവര്‍ക്കെതിരേയും നടപടിയെടുക്കണമെന്ന് കോളനിവാസികള്‍ ആവശ്യപ്പെട്ടു.
