പള്ളികളിലല്ല; ശാഖകളിലാണ് മുഖ്യമന്ത്രി കൗണ്ടര്‍ റാഡിക്കലൈസേഷന്‍ നടപ്പാക്കേണ്ടതെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ കടുത്ത മുസ് ലിം വിദ്വേഷ പ്രസംഗത്തിനെതിരേ നടപടിയെടുക്കാന്‍ കൂട്ടാക്കാത്ത മുഖ്യമന്ത്രി
ഇപ്പോള്‍ ബിഷപ്പിന്റെ ഭാഷയില്‍ മഹല്ലുകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന് തെറ്റിധരിപ്പിച്ച് ആര്‍എസ്എസ്സിന് മുതലെടുക്കാന്‍ അവസരമൊരുക്കുകയാണെന്നും അവരുടെ ആയുധപരിശീലനങ്ങളെപ്പറ്റി മൗനം ദീക്ഷിക്കുകയാണെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
ഐ എസ് തീവ്രവാദം തടയാനെന്ന വ്യാജേന കൗണ്ടര്‍ റാഡിക്കലൈസേഷന്റെ പേരില്‍ പേലിസിനെ ഉപയോഗിച്ച് പള്ളിയിലും മഹല്ലിലും ഇടപെടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം മുസ് ലിം സമുദായത്തിന്റെ ആത്മീയ കേന്ദ്രങ്ങളെ ഭീകര കേന്ദ്രങ്ങളാക്കി ദുരൂഹത വളര്‍ത്താനും മതപരമായ അകല്‍ച്ച സൃഷ്ടിച്ച് സംഘപരിവാറിനെ സഹായിക്കാനും മാത്രമേ ഉപകരിക്കൂ. മുസ് ലിം സമുദായം ഒന്നടങ്കം തള്ളിപ്പറഞ്ഞ ഐഎസ്‌ഐഎസ് എന്ന ദുരൂഹ സംഘത്തില്‍ ക്രൈസ്തവ മതത്തില്‍ നിന്ന് മതം മാറിയെത്തിയവരുള്‍പ്പെടെ ഒറ്റപ്പെട്ട ഏതാനും ചിലര്‍ മാത്രമാണ് അകപ്പെട്ടു പോയിട്ടുള്ളത്. അതിന്റെ മറവില്‍ വലിയൊരു വിഭാഗം ജനതയുടെ ആരാധനാലയങ്ങളെ സംശയദൃഷ്ടിയോടെ നിരീക്ഷിക്കാന്‍ അവസരമൊരുക്കുന്നത് ആ ജനതയോടുള്ള യുദ്ധപ്രഖ്യാപനമാണ്.
പാലാ ബിഷപ്പിന്റെ വിഷമയമായ വര്‍ഗീയപ്രസ്താവനയില്‍ സാംസ്‌കാരിക കേരളം ലജ്ജിച്ച് തല താഴ്ത്തി നിന്നിട്ടുപോലും മുഖ്യമന്ത്രി അതിനെ തള്ളിപ്പറയാനോ ബിഷപ്പിനെതിരേ നടപടിയെടുക്കാനോ തയാറായില്ല. മുസ് ലിം സമുദായത്തിലെ സകല മുസ് ലിം സംഘടനകളും ഒരേ സ്വരത്തില്‍ ബിഷപ്പിനെതിരേയും മുഖ്യമന്ത്രിയുടെ മൗനത്തിനെതിരേയും പ്രസ്താവനകളും പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞത്. ഒരു സമുദായത്തെ നിരന്തരം കുത്തിനോവിച്ചുകൊണ്ടുള്ള ഈ പോക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഓര്‍മ്മിക്കണം. ക്രൈസ്തവ സഭകള്‍ക്കുള്ളിലെ ക്രൂരമായ പീഡനങ്ങളെയും ആര്‍എസ്എസ് അമ്പലങ്ങളെ മറയാക്കി നടത്തുന്ന ആയുധ പരിശീലനങ്ങളെയും ഒഴിവാക്കി മഹല്ലുകളില്‍ മാത്രം തീവ്രവാദം കണ്ടെത്താനുള്ള മുഖ്യമന്ത്രിയുടെ പുറപ്പാട് സര്‍ക്കാരിന്റെ വര്‍ഗീയ വിവേചനമാണ് പുറത്ത് കാണിക്കുന്നത്.
തീവ്രവാദത്തെ എപ്പോഴും മുസ് ലിം സമുദായത്തോടും പള്ളിയോടും മഹല്ലിനോടും ചേര്‍ത്തുവച്ച് സംസാരിച്ച് ഇസ്‌ലാമോഫോബിയ പടര്‍ത്താന്‍ ചില പുരോഹിതന്മാരും ഫാഷിസ്റ്റുകളും കമ്യൂണിസ്റ്റുകളും ചേര്‍ന്ന് നടത്തുന്ന വെറുപ്പ് രഷ്ട്രീയ വ്യവസായം പൊതു സമൂഹത്തെ മുസ് ലിം വിരോധത്തിന്റെ ഒറ്റ സമുദായമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇത്തരം വര്‍ഗീയ മുന്‍വിധികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ കടുത്ത ഭീഷണിയായി മാറുകയാണ്.
ഇടതുപക്ഷ സര്‍ക്കാരിന്റെ നിരന്തരമായ മുസ് ലിം വിരുദ്ധ നിലപാടുകള്‍ ഹിന്ദുത്വ വാഴ്ചക്കാലത്ത് രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താനുള്ള രാഷ്ട്രീയ പക്വത പാര്‍ട്ടി നേതൃത്വം കാണിക്കേണ്ടതുണ്ട്.
രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വില്പനയ്ക്കു വയ്ക്കുകയും ഹിന്ദുത്വ വംശീയ ഏകാധിപത്യ ഭരണവാഴ്ചയില്‍ രാജ്യം ശ്വാസമടക്കി നില്‍ക്കുകയും ചെയ്യുമ്പോള്‍ രാജ്യത്തെ വീണ്ടെടുക്കാന്‍ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കും മതാധ്യക്ഷന്മാര്‍ക്കും കുടുതല്‍ ഉത്തരവാദിത്തബോധത്തോടെ ചിന്തിക്കാന്‍ കഴിയണം. സാമ്രാജ്യത്വത്തിനും ഫാഷിസത്തിനും എതിരായ ഇടതുപക്ഷത്തിന്റെ മുദ്രാവാക്യങ്ങള്‍ ആത്മാര്‍ഥമാണെങ്കില്‍ ചങ്കുറപ്പോടെ അതിനനുസരിച്ചുള്ള രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്.
ആര്‍എസ്എസ്സിന്റെ മുസ് ലിം വംശീയ ഉന്മൂലനമെന്ന പ്രഥമ അജണ്ടയ്ക്കനുസരിച്ചുള്ള നീക്കങ്ങള്‍ക്കെതിരേ മുസ് ലിം സമുദായം നടത്തുന്ന ന്യായമായ അതിജീവന സമരങ്ങളെ അടിച്ചമര്‍ത്തി ആര്‍എസ്എസ് ഏമാന്മാരെ സുഖിപ്പിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെങ്കില്‍ അത് വ്യാമോഹം മാത്രമായിരിക്കുമെന്നും യോഗം ഓര്‍മ്മിപ്പിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ടി. അബ്ദുറഹ്മാന്‍ ബാഖവി, വി.എം ഫതഹുദ്ദീന്‍ റഷാദി, കെ. കെ. അബ്ദുല്‍ മജീദ് ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ് വി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, എം ഇ എം അശ്‌റഫ് മൗലവി, ഹാഫിസ് നിഷാദ് റഷാദി, അബ്ദുസലീം മൗലവി, അബ്ദുല്‍ ഹാദി മൗലവി സംബന്ധിച്ചു.

