ലോറിക്ക് പാസ് നല്‍കിയില്ല; പയ്യോളിയില്‍ അരി വിതരണം തടസ്സപ്പെട്ടു

Update: 2020-12-09 09:57 GMT

പയ്യോളി: കോടതി ഉത്തരവുമായി തിക്കോടി എഫ്‌സിഐയില്‍ ലോഡ് കയറ്റാന്‍ എത്തിയ ലോറിക്ക് പാസ് കൊടുക്കാത്തതിനാല്‍ അരി വിതരണം തടസ്സപ്പെട്ടു. കൊയിലാണ്ടി, വടകര താലൂക്കുകളിലേക്കുള്ള അരി വിതരണമാണ് തടസ്സപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ മൂരാട് ആറാം കണ്ടത്തില്‍ ഹംസയുടെ ലോറിയാണ് പാസ് കിട്ടാത്തത് കാരണം എഫ്‌സിഐ ഗെയിറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടത്. ഇന്നലെ ലോറിയില്‍ ലോഡ് കയറ്റാന്‍ എത്തിയെങ്കിലും കരാറുകാരന്‍ പാസ് കൊടുക്കാത്തതിനാല്‍ തിരിച്ച് പോവുകയായിരുന്നു.


പയ്യോളി എസ് ഐ എകെ സജീഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കോടതി ഉത്തരവ് പ്രകാരം ലോറി അകത്ത് കയറ്റാമെന്നും തടസ്സപെടുത്തുകയാണങ്കില്‍ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗമല്ലാത്തതാണ് പാസ് കൊടുക്കാതിരിക്കാന്‍ കാരണമായി പറയുന്നത്. മുന്‍ കാലത്തെ അപേക്ഷിച്ച് മുപ്പത് ശതമാനമായി ലോഡിങ്ങ് കുറഞ്ഞു അതിനാല്‍ പുതിയ മെമ്പര്‍ഷിപ്പ് കൊടുക്കാന്‍ സാധിക്കില്ലന്നാണ് ലോറി തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റിയുടെ വിശദീകരണം.




Tags: