കാശി, മഥുര ക്ഷേത്രങ്ങള്‍ 'വിമോചി'പ്പിക്കാനില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Update: 2020-09-09 01:28 GMT

ന്യൂഡല്‍ഹി: കാശി, മഥുര ക്ഷേത്രങ്ങളെ സംബന്ധിച്ച നയം വ്യക്തമാക്കി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. അഖില ഭാരതീയ അഖാര പരിഷത് കാശി, മഥുര ക്ഷേത്രങ്ങളെ വിമോചിക്കാന്‍ ആഹ്വാനം നല്‍കിയ സാഹചര്യത്തിലാണ് ആര്‍എസ്എസ് മേധാവി സംഘടനയുടെ നയം വ്യക്തമാക്കിയത്. പ്രയാഗ്‌രാജില്‍ നടന്ന ഒരു സമ്മേളത്തിലാണ് അഖാര പരിഷത് 'ക്ഷേത്രവിമോചന'ത്തിനുള്ള പ്രമേയം പാസ്സാക്കിയത്. ബാബരി മസ്ജിദിനെതിരേയുള്ള പ്രക്ഷോഭത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന നിര്‍മോഹി അഖാര അടക്കം 14 അഖാരകളുടെ കൂട്ടായ്മയാണ് അഖില ഭാരതീയ അഖാര പരിഷത്.

ബാബറി മസ്ജിദ് വിധി പുറത്തുവന്ന സമയത്തു തന്നെ മറ്റ് ക്ഷേത്രങ്ങള്‍ക്കു വേണ്ടി തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുകയില്ലെന്നും സമരങ്ങളല്ല സംഘടനയുടെ രീതിയെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു. അതേ നിലപാട് ആവര്‍ത്തിക്കുകയാണ് ഭാഗവത്തെന്ന് ദി ഹിന്ദു പത്രം റിപോര്‍ട്ട് ചെയ്തു.

രാംജന്മഭൂമി പ്രശ്‌നം മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് ആര്‍എസ്എസ് കരുതുന്നത്. അത് രാജ്യത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അതില്‍ വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്‌നമില്ല. മറിച്ച് ഐക്യത്തിന്റേതാണ്. ക്ഷേത്ര നിര്‍മാണത്തിന് ഏവരും ഒരുമിക്കണം-ഭാഗവത്ത് ആവര്‍ത്തിച്ചു.

ഭരണഘടയുടെ അനുച്ഛേദം 370ഉം രാംജന്മഭൂമിയും യാഥാര്‍ത്ഥ്യമാക്കിയ സാഹചര്യത്തില്‍ ഏക സിവില്‍കോഡ് എന്ന ആവശ്യം ഉയര്‍ത്തുമോ എന്ന ചോദ്യത്തിന് വിഷയത്തില്‍ സമവായമാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

അനുച്ഛേദം 370 റദ്ദ് ചെയ്യുക, ബാബറി മസ്ജിദ് പൊളിച്ചുനീക്കുക, ഏക സിവില്‍ കോഡ് നടപ്പാക്കുക തുടങ്ങിയവയായിരുന്നു ആര്‍എസ്എസ്സിന്റെ മൂന്ന് ദീര്‍ഘകാല അജണ്ടകള്‍.  

Tags:    

Similar News