'ഫോണിലും കിട്ടില്ല, കാണാനുമാവില്ല'; രണ്ടാം തവണയും തിരഞ്ഞെടുപ്പിനെ നേരിടുന്ന യുപിയിലെ ബിജെപി എംഎല്‍എ വോട്ട് ചോദിച്ചത് സ്റ്റേജില്‍ ഏത്തമിട്ട് മാപ്പുപറഞ്ഞ്

Update: 2022-02-24 17:35 GMT

വാരണസി: വോട്ട് കിട്ടാന്‍ ഒരു സ്ഥാനാര്‍ത്ഥി എന്തൊക്കെ ചെയ്യാം? അതിന് ഏത് മാര്‍ഗവും സ്വീകരിക്കാമെന്ന് തെളിയിക്കുകയാണ് യുപി റോബര്‍ട്ട്‌സ്ഗഞ്ചില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഭൂപേഷ് ചൗബേ. ഇന്ന് റോബര്‍ട്ട്‌സ്ഗഞ്ചില്‍ നടന്ന തിരരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പരസ്യമായി കാതില്‍ പിടിച്ച് ഏത്തമിട്ട് മാപ്പ് പറഞ്ഞ് ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം.  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ കയ്യില്‍നിന്ന് സംഭവിച്ച എല്ലാ തെറ്റുകള്‍ക്കും എംഎല്‍എ പരസ്യമായി മാപ്പ് പറഞ്ഞു. എംഎല്‍എ മാപ്പ് പറയുമ്പോള്‍ മുന്‍ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ഭാനു പ്രതാപ് സാഷിയും വേദിയിലുണ്ടായിരുന്നു. 

ബിജെപി എംഎല്‍എക്കുവേണ്ടി റോബര്‍ട്ട്‌സ്ഗഞ്ചില്‍ പ്രചാരണത്തിനെത്തിയതായിരുന്നു സാഷി.

സമാജ് വാദി പാര്‍ട്ടി നേതാവ് അവിനാഷിനെ 40,000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഭൂപേഷ് ചൗബേ എംഎല്‍എയായത്. പക്ഷേ, എംഎല്‍എയുടെ പ്രവര്‍ത്തനത്തില്‍ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ കനത്ത നീരസമുണ്ട്.

ബ്രാഹ്മണ സമുദായാംഗമെന്ന നിലയില്‍ ഭൂപേഷിനെ പാര്‍ട്ടി വീണ്ടും മല്‍സരിപ്പിക്കുകയായിരുന്നു. എംഎല്‍എയെ നേരിട്ടോ ഫോണിലൂടെയോ ലഭിക്കുകയില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. ഇതില്‍ നാട്ടുകര്‍ക്ക് വലിയ പ്രതിഷേധവുമുണ്ടായിരുന്നു. അത് മനസ്സിലാക്കിയാണ് എംഎല്‍എ മാപ്പപേക്ഷിച്ചത്.