വിദേശ സിനിമ പ്രോല്‍സാഹിപ്പിച്ചതിന് വധശിക്ഷ; ഉത്തര കൊറിയക്കെതിരെ യുഎന്‍ റിപ്പോര്‍ട്ട്
ഉത്തര കൊറിയ: വിദേശ രാജ്യങ്ങളിലെ സിനിമകളും ടെലിവിഷന്‍ പരിപാടികളും പ്രോല്‍സാഹിപ്പിച്ചതിന് വധശിക്ഷ വരെ നല്‍കുന്നുവെന്ന ഗുരുതര ആരോപണവുമായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട്. ഏഴു പതിറ്റാണ്ടിലേറെയായി ഭയം, അടിച്ചമര്‍ത്തല്‍, നിരീക്ഷണം എന്നിവയുടെ കീഴിലാണ് ഉത്തര കൊറിയന്‍ ജനങ്ങള്‍ ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൊറിയയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറിയ 300ലധികം പേരുമായുള്ള അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 'ജനങ്ങളുടെ കണ്ണും കാതും അടച്ചുപൂട്ടി, പരാതികളോ എതിര്‍പ്പുകളോ ഉയര്‍ന്നുവരാതിരിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു' എന്നാണ് രക്ഷപ്പെട്ട അഭയാര്‍ഥികളുടെ സാക്ഷ്യം. കോവിഡ് കാലത്തിന് ശേഷമാവട്ടെ സാധാരണ കുറ്റകൃത്യങ്ങള്‍ക്കും രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ വര്‍ധിച്ചുവെന്ന് ജനീവയില്‍ നടന്ന പത്രസമ്മേളനത്തില്‍ യുഎന്‍ മനുഷ്യാവകാശ ഓഫീസിലെ ഉത്തരകൊറിയ വിഭാഗം മേധാവി ജെയിംസ് ഹീനന്‍ പറഞ്ഞു. ദക്ഷിണ കൊറിയന്‍ കെ ഡ്രാമകള്‍ അടക്കം വിദേശ പരമ്പരകള്‍ വിതരണം ചെയ്താലും വധശിക്ഷ ലഭിക്കാമെന്നതാണ് പുതിയ നിയമം. എത്രപേര്‍ക്ക് ശിക്ഷ നടപ്പാക്കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കുട്ടികളെ 'ഷോക്ക് ബ്രിഗേഡുകള്‍' എന്ന പേരില്‍ കല്‍ക്കരി ഖനനം, നിര്‍മ്മാണം തുടങ്ങിയ അപകടകരമായ മേഖലകളില്‍ നിര്‍ബന്ധിതമായി ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്നും ഹീനന്‍ വ്യക്തമാക്കി. കൈക്കൂലി കൊടുക്കാന്‍ കഴിയാത്ത സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരാണ് കൂടുതലായും ഇത്തരം നിര്‍ബന്ധിത തൊഴിലില്‍ കുടുങ്ങുന്നത്. അടിമത്തത്തിനൊത്ത സാഹചര്യമാണ് ഇവിടെയെന്നും മുന്‍പ് യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
80,000 മുതല്‍ 1,20,000 വരെ പേരെ ബലാല്‍സംഗം, പീഡനം, രാഷ്ട്രീയ കുറ്റങ്ങള്‍ തുടങ്ങിയവ ചുമത്തി തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നതായി പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2014നു ശേഷമുള്ള സംഭവങ്ങളാണ് ഏറ്റവും ഒടുവില്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിപിആര്‍കെ നിലവിലെ പാത തുടര്‍ന്നാല്‍ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിനും ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരാകുമെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, റിപ്പോര്‍ട്ടിനെ കുറിച്ച് ഉത്തര കൊറിയയുടെ ജനീവ കാര്യാലയവും ലണ്ടന്‍ എംബസിയും പ്രതികരിച്ചിട്ടില്ല.
