സ്റ്റോക് ഹോം: ഇത്തവണ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന് വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാര്‍ന്ന കാവ്യാത്മക ശബ്ദത്തിനാണ് ലൂയിസ് ഗ്ലക്കിന് പുരസ്‌കാരം നല്‍കുന്നതെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.
12ഓളം കവിതാ സമാഹാരങ്ങളും കവിതയെ കുറിച്ചുളള ലേഖനങ്ങളും രചിച്ചിട്ടുളള ലൂയിസ് ഗ്ലക്ക് അമേരിക്കയിലെ സമകാലിക സാഹിത്യ ലോകത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. 1943 ഏപ്രില്‍ 22ന് ന്യൂയോര്‍ക്ക് സിറ്റിയിലാണ് ലൂയിസ് എലിസബത്ത് ഗ്ലക്ക് ജനിച്ചത്. നിലവില്‍ യേല്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. 1968ല്‍ പുറത്തിറങ്ങിയ ഫസ്റ്റ്ബോണ്‍' ആണ് ആദ്യകൃതി. പുലിസ്റ്റര്‍ പ്രൈസ്(1993), നാഷണല്‍ ബുക്ക് അവാര്‍ഡ് (2014) തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
2014ല്‍ പ്രസിദ്ധീകരിച്ച വെര്‍ച്വസ് നൈറ്റ്, ഫെയ്ത്ത്ഫുള്‍ എന്നീ കവിതാ സമാഹാരങ്ങളാണ് ഏറ്റവും അവസാനം പ്രസിദ്ധീകരിച്ചത്. ആറ് പതിറ്റാണ്ട് നീണ്ട സാഹിത്യ സപര്യയില്‍ വൈകാരികത, മരണം, രോഗ ശമനം എന്നിവയെ കുറിച്ച് നിരന്തരം കാവ്യങ്ങളെഴുതി. സാര്‍വ്വലൗകിക രചനകളാണ് ലൂയിസ് ഗ്‌ളക്കിന്റേതെന്ന് നിരൂപകര്‍ പറയുന്നു. വ്യക്തിയുടെ മാനസിക സംഘര്‍ഷങ്ങളും ആസക്തിയും ഒറ്റപ്പെടലും പ്രകൃതിയനുഭവങ്ങളും ചേര്‍ന്നതാണ് അവരുടെ കാവ്യലോകം