ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ, തുടരന്വേഷണഹരജി തള്ളി കോടതി; അപ്പീല്‍ പോകുമെന്ന് പിതാവ്

തിരുവനന്തപുരം സിജെഎം കോടതിയാണ് ഹരജി തള്ളിയത്

Update: 2022-07-29 11:53 GMT

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയെന്ന് സിജെഎം കോടതി. സിബിഐ റിപോര്‍ട്ട് അംഗീകരിച്ച കോടതി ബാലഭാസ്‌കറിന്റെ പിതാവിന്റെ ഹര്‍ജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. ഹൈക്കോടതിയില്‍ പോകുമെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി പ്രതികരിച്ചു. സിബിഐ റിപ്പോര്‍ട്ട് തള്ളി തുടന്വേഷണം നടത്തണമെന്നായിരുന്നു ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ ആവശ്യം.

പ്രതിയായ ഡ്രൈവര്‍ അര്‍ജുന്‍ ഒക്ടോബര്‍ ഒന്നിന് കോടതിയില്‍ ഹാജരാകണമെന്ന് സിജെഎം കോടതി നിര്‍ദ്ദേശിച്ചു. അര്‍ജുന്‍ അലക്ഷ്യമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍ സിബിഐയുടെ റിപോര്‍ട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛന്‍ ഉണ്ണി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും കണ്ടെത്തിയ ബാലഭാസ്‌കറിന്റെ മൊബൈല്‍ സിബിഐ പരിശോധിച്ചിരുന്നില്ലെന്നായിരുന്നു ബാലഭാസ്‌കറിന്റെ പിതാവിന്റെ പ്രധാന ആരോപണം. ബാലഭാസ്‌കറിന്റെ മരണ ശേഷം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് സുഹൃത്തായ പ്രകാശന തമ്പിയായിരുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതിയായ തമ്പിയ്ക്ക് അപകടത്തിന് പിന്നില്‍ പങ്കുണ്ടെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ഈ ഫോണുകള്‍ വിശദമായി പരിശോധിച്ചതാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിയത്. 

Tags: