മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റില്ല; വിദ്യാഭ്യാസ നിഷേധം പൗരത്വ നിഷേധത്തിന് തുല്യമെന്ന് കേരള മുസ് ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍

Update: 2021-10-07 13:36 GMT

കോഴിക്കോട്: പൗരത്വം നിഷേധിക്കുന്നതിന് തുല്യമാണ് വിദ്യാഭ്യാസം നിഷേധിക്കുന്നതെന്ന് കേരള മുസ് ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍. മലബാറില്‍ ഫുള്‍ എ പ്ലസ് കിട്ടയവര്‍ക്കുപോലും സീറ്റില്ലാത്ത സ്ഥിതിയാണെന്ന് കേരള മുസ് ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം. ബി അമീന്‍ഷാ പറഞ്ഞു.

അലോട്ട്‌മെന്റ്കള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്കള്‍ മാത്രം ബാക്കി നില്‍ക്കെ ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് വിദ്യാര്‍ത്ഥികള്‍ മലബാര്‍ മേഖലയില്‍ ഇപ്പോഴും സീറ്റ് ലഭിക്കാതെ പുറത്താണ്. മലബാര്‍ മേഖലയിലെ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും അവസരം നിഷേധിക്കപ്പെടുന്നു. അത് കടുത്ത അനീതിയാണ്. മുന്നാക്ക സമുദായ അംഗങ്ങള്‍ക്ക് കൃത്യമായ സീറ്റ് ഉറപ്പുവരുത്തുന്ന സര്‍ക്കാര്‍ പിന്നാക്ക സമുദായക്കാരെ കൂടുതല്‍ പിന്നാക്കക്കാരാക്കരുത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്ന വിധത്തില്‍ അധിക ബാച്ചുകള്‍ ഉടന്‍ അനുവദിക്കണം.

ഡല്‍ഹി വാഴ്‌സിറ്റി പ്രഫസര്‍ പ്രകാശ് പാണ്ഡെയുടെ ജിഹാദ് പരാമര്‍ശം കേരളത്തിലെ വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും അടച്ചാക്ഷേപിക്കുന്നതണ്. വാഴ്‌സിറ്റിയില്‍ നിന്നും മലയാളികളെ ഒഴിവാക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണിത്. ജിഹാദ് എന്ന പദം ഉത്തരവാദിത്വപ്പെട്ടവര്‍ ദുരുപയോഗം ചെയ്തതിന്റെ അനന്തര ഫലമാണ് ഇതെന്നും പ്രകാശ് പാണ്ഡെക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും എം. ബി അമീന്‍ഷാ ആവശ്യപ്പെട്ടു.

Tags:    

Similar News