പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍

Update: 2025-08-12 09:43 GMT

ന്യൂഡല്‍ഹി: പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ്പി സിങ് ബാഗേല്‍ ആണ് ഇക്കാര്യം പറഞ്ഞത്.പശുക്കളുടെ പ്രോത്സാഹനം, സംരക്ഷണം, വളര്‍ത്തല്‍ എന്നിവയ്ക്കുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 2014 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഗോകുല്‍ മിഷന്‍ നടപ്പിലാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.

ലോക്സഭയില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിം ങ് റാവത്തിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ബാഗേല്‍ ഇക്കാര്യം പറഞ്ഞത്. ' ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 246(3) പ്രകാരം, മൃഗങ്ങളുടെ സംരക്ഷണം എന്നത് സംസ്ഥാന നിയമസഭയ്ക്ക് നിയമനിര്‍മ്മാണം നടത്താന്‍ പ്രത്യേക അധികാരമുള്ള കാര്യമാണ്.'

അതേസമയം ,2024 ല്‍ രാജ്യത്തെ മൊത്തം പാല്‍ ഉല്‍പാദനമായ 239.30 ദശലക്ഷം ടണ്ണിന്റെ 53.12 ശതമാനവും പശുവിന്‍ പാലാണ് എന്നും എരുമപ്പാല്‍ 43.62 ശതമാനമായിരുന്നുവെന്നും ബാഗേല്‍ പറഞ്ഞു.

Tags: