'ഒരു ഉദ്യോഗസ്ഥനും നിയമത്തിന് അതീതരല്ല'; ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡിലെ കണ്ടെത്തലില്‍ ശക്തമായ നടപടിയെന്ന് വി ശിവന്‍കുട്ടി

Update: 2025-11-20 10:29 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ 'ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്' എന്ന സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ വിഷയങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനും, പൊതുവിദ്യാഭ്യാസ മേഖലയുടെ സുതാര്യത ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് റിപോര്‍ട്ടില്‍ പേരുള്ളതോ, വ്യക്തമായ തെളിവ് ലഭിച്ചതോ ആയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകും. വിജിലന്‍സിന്റെ തുടര്‍ പരിശോധനകള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും, ഇടനിലക്കാരായി പ്രവര്‍ത്തിച്ച റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. വകുപ്പ് തലത്തില്‍ ഒരു അടിയന്തിര ആഭ്യന്തര അന്വേഷണ സമിതിയെ രൂപീകരിക്കും. അഴിമതിക്ക് വഴിവെച്ച എല്ലാ ഫയലുകളും നടപടിക്രമങ്ങളും വിശദമായി പരിശോധിക്കും. പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍/ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റും. അപേക്ഷകള്‍ വൈകിപ്പിക്കുന്നത് തടയാന്‍ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പില്‍ അഴിമതിക്ക് ഒരു സ്ഥാനവുമില്ല. ഒരു ഉദ്യോഗസ്ഥനും നിയമത്തിന് അതീതരല്ല. പൊതുവിദ്യാഭ്യാസ മേഖലയെ അഴിമതിമുക്തമാക്കാനുള്ള ദൃഢനിശ്ചയം സര്‍ക്കാരിനുണ്ട്. തുടര്‍ പരിശോധനകള്‍ക്ക് ശേഷമുള്ള അന്തിമ റിപോാര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

സംസ്ഥാനത്തെ പൊതുവിദ്യാഭാസ വകുപ്പിനുകീഴിലെ വിവിധ ഓഫീസുകളില്‍ വന്‍ അഴിമതിയെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. വിജിലന്‍സിന്റെ ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് എന്ന പദ്ധതിയിലൂടെയാണ് അധ്യാപക-അനധ്യാപക നിയമനത്തിനും സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും വ്യാപക കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയത്. വിരമിച്ച ഉദ്യോഗസ്ഥരാണ് ഇടനിലക്കാര്‍. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന. ഡിഡിഇ ഓഫിസ് അടക്കം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഏകദേശം 55 ഓഫീസുകളില്‍ ആയിരുന്നു മിന്നല്‍ പരിശോധന നടത്തിയത്.

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ ആനുകൂല്യങ്ങള്‍ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വൈകിപ്പിച്ചു. ആനുകൂല്യങ്ങള്‍ക്ക് ആനുപാതികമായി കൈക്കൂലി നല്‍കിയാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ അപേക്ഷകളില്‍ തീരുമാനമെടുത്തിരുന്നുള്ളൂ. ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ അനധികൃതമായി നിയമിച്ചതായി കണ്ടെത്തി. എയ്ഡഡ് നിയമങ്ങള്‍ക്ക് ക്ലര്‍ക്കുമാര്‍ ഗൂഗിള്‍ പേ വഴിയാണ് കൈക്കൂലി വാങ്ങിയിരുന്നത്. അധ്യാപക തസ്തിക നിലനിര്‍ത്താന്‍ വ്യാജമായി കുട്ടികളുടെ അഡ്മിഷന്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

Tags: