മലപ്പുറം ജില്ലയില്‍ നബിദിന ഘോഷയാത്രക്ക് അനുമതിയില്ല; കണ്ടൈന്‍മെന്റ് സോണുകളില്‍ ഒരു ചടങ്ങുകളും അനുവദിക്കില്ല

പൊതു ഇടങ്ങളിലോ ആരാധനാലയങ്ങളിലോ അന്നദാന ചടങ്ങുകള്‍ നടത്താന്‍ പാടില്ല.

Update: 2020-10-28 18:01 GMT

മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിന ഘോഷയാത്രക്ക് അനുമതിയില്ല. കണ്ടൈന്‍മെന്റ് സോണുകളില്‍ ഒരു ചടങ്ങുകളും അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്ടെയ്മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക പ്രാര്‍ത്ഥനകള്‍ പരമാവധി 40 പേരെ പങ്കെടുപ്പിച്ച് ആരാധനാലയങ്ങളില്‍ നടത്താം. ഇത്തരം പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒരു ആരാധനാലയത്തില്‍ ആകെ ഒരു തവണ മാത്രം നടത്താവുന്നതാണ്.

മദ്രസകളില്‍ സാംസ്‌കാരിക ചടങ്ങുകള്‍ നടത്തരുത്. പൊതു ഇടങ്ങളിലോ ആരാധനാലയങ്ങളിലോ അന്നദാന ചടങ്ങുകള്‍ നടത്താന്‍ പാടില്ല. ആരാധനാലയങ്ങളുടെ സമീപത്തോ മറ്റു സൗകര്യപ്രദമായ സ്ഥലത്തോ പാചകം ചെയ്ത ഭക്ഷണം അതത് പ്രദേശങ്ങളിലെ വീടുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിതരണം ചെയ്യാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംഘം ചേര്‍ന്ന് ഭക്ഷണം വീടുകളില്‍ വിതരണം ചെയ്യാന്‍ പാടില്ല. ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കാന്‍ ചുമതലപ്പെടുത്തിയ പ്രവര്‍ത്തകരുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പരും അവര്‍ ഏതൊക്കെ ഭവനങ്ങളില്‍ വിതരണം ചെയ്തു എന്നത് സംബന്ധിച്ച വിശദാംശങ്ങളും പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം.

പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും വിട്ട് നില്‍ക്കണം. ചടങ്ങ് നടക്കുന്ന സ്ഥലം ചടങ്ങിന് മുമ്പും പിമ്പും അണുവിമുക്തമാക്കണം. ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കുകയും വേണം. 10 വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവര്‍, മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

Tags: